Latest News Kerala | Kollam News | Thiruvananthapuram News | Alappuzha News | National News | Gulf News | English News
പണ്ടാര അടുപ്പിൽ മാത്രമാണ് ഇത്തവണ ആറ്റുകാൽ ക്ഷേത്രവളപ്പിൽ പൊങ്കാലയിടുന്നത്. കോവിഡ് പശ്ചാത്തലത്തിൽ ഭക്തർക്ക് ക്ഷേത്രവളപ്പിൽ പൊങ്കാലയിടാൻ അനുമതിയില്ല. ഇതോടെ സ്വന്തം വീട്ടുമുറ്റങ്ങൾ പൊങ്കാലക്കളങ്ങളായി. സഹനത്തിന്റെ സമർപ്പണമാണ് പൊങ്കാല, ഒപ്പം അതിജീവനത്തിനുള്ള മഹാമന്ത്രവും. ഭക്തവത്സലയായ ആറ്റുകാലമ്മ നിസ്വാർഥമായ പ്രാർഥന ഏറ്റുവാങ്ങുമെന്ന വിശ്വാസം ഭക്തമനസ്സുകൾക്ക് താങ്ങാകുന്നു. ക്ഷേത്രത്തിനു സമീപത്തല്ലാതെ അകലെ വഴിയോരങ്ങളിൽ പവിത്രമായ പൊങ്കാല അർപ്പിക്കുന്നതിലെ വിയോജിപ്പ് നേരത്തെ ഒരു വിഭാഗം വിശ്വാസികൾക്കുണ്ടായിരുന്നു. അത്തരക്കാർക്ക് വീട്ടുമുറ്റത്തെ പൊങ്കാല ആത്മനിർവൃതിയുടെ നിമിഷങ്ങളായി മാറും
വൈകീട്ട് 3.40-ന് ഉച്ചപ്പൂജയ്ക്കു ശേഷം പൊങ്കാലനിവേദ്യം. രാത്രി 7.30-ന് പുറത്തെഴുന്നള്ളത്തും 11 മണിക്ക് തിരിച്ചെഴുന്നള്ളത്തും നടക്കും. വഴിയിൽ വിഗ്രഹത്തിനു വരവേൽപ്പോ തട്ടം നിവേദ്യമോ ഉണ്ടായിരിക്കില്ല.ചടങ്ങിൽ കഴിയുന്നത്രയും കുറച്ച് ആളുകൾ മാത്രം പങ്കെടുക്കുകയും സാമൂഹിക അകലമടക്കമുള്ള കോവിഡ് പ്രോട്ടോക്കോൾ പാലിക്കുകയും വേണമെന്ന കർശന നിർദേശം ഇത്തവണ ഉണ്ടായിരുന്നു.
പൊങ്കാല ഇട്ടശേഷം ഭക്തർ കൂട്ടമായി ക്ഷേത്ര ദർശനത്തിന് എത്താതിരിക്കാൻ ജാഗ്രത പുലർത്തണമെന്ന് നിർദേശമുണ്ട്. ദർശനത്തിനെത്തുന്ന ഭക്തർ ക്ഷേത്രപരിസരത്ത് കൂട്ടംകൂടാൻ പാടില്ല. പത്തു വയസ്സിനു താഴെയുള്ള കുട്ടികളെ കൊണ്ടുവരുന്നത് കഴിയുന്നതും ഒഴിവാക്കണം. ഭക്തജനങ്ങൾ കൃത്യമായ സാമൂഹിക അകലം പാലിക്കേണ്ടതും മാസ്ക് ധരിക്കുകയും കൈകൾ സാനിറ്റൈസ് ചെയ്യേണ്ടതുമാണ്.