Author : Tharun kumar G
സർക്കാറിൻറെ പണം വാടകയിനത്തിൽ നഷ്ടമാകുമ്പോൾ കോടികൾ മുടക്കി പണിത കോടതി സമുച്ചയം ചെങ്ങന്നൂരിൽ ഒഴിഞ്ഞുകിടക്കുന്നു, നാലു വർഷമായി ഇവിടെ കോടതി സമുച്ചയത്തിൽ 4 നിലകളാണ് ഒഴിഞ്ഞുകിടക്കുന്നത്. അഞ്ചുകോടി രൂപയോളം മുടക്കി പണിത ഈ കെട്ടിടസമുച്ചയത്തിൽ ഇപ്പോൾ മജിസ്ട്രേറ്റ് കോടതി മാത്രമാണ് പ്രവർത്തിക്കുന്നത്. ഇവിടെ നിന്നും 15 കിലോമീറ്റർ ദൂരമുള്ള മാവേലിക്കരയിൽ ഭീമമായ തുക പ്രതിമാസ വാടക യിലും ആണ് കുടുംബ കോടതി പ്രവർത്തിക്കുന്നത്. ആലപ്പുഴ ജില്ലയുടെ കിഴക്കായി സ്ഥിതിചെയ്യുന്ന ചെങ്ങന്നൂരിൽ ഇപ്പോൾ വെൺമണി, മാന്നാർ, ചെങ്ങന്നൂർ പോലീസ് സ്റ്റേഷനുകളിലെ കേസുകൾ മാത്രമാണ് നടന്നുവരുന്നത്. ഈ സാഹചര്യത്തിൽ സ്ഥല സൗകര്യങ്ങൾ ഏറെയുള്ള ചെങ്ങന്നൂരിൽ കുടുംബ കോടതിയും, എം എ സി ടി (Motor Accidents Claims Tribunal) കോടതിയും അടിയന്തരമായി അനുവദിക്കണമെന്നാവശ്യപ്പെട്ട് ബാർ അസോസിയേഷനു വേണ്ടി സെക്രട്ടറി അഡ്വ.ജോർജ് ജോസഫ് മുഖ്യമന്ത്രിക്ക് നിവേദനം നൽകി.
ചെങ്ങന്നൂരിൽ മജിസ്ട്രേറ്റ് കോടതി, സബ്കോടതി, മുൻസിഫ് കോടതി എന്നിവ മാത്രമേ പ്രവർത്തിക്കുന്നുള്ളൂ. ഏകദേശം 170 അഭിഭാഷകരാണ് ബാർ അസോസിയേഷനിൽ അംഗങ്ങളായുള്ളത്. കായംകുളത്തിൻറെയും മാവേലിക്കര യുടെയും റവന്യൂ ഡിവിഷൻ ആസ്ഥാനമായ റവന്യൂ ഡിവിഷണൽ ഓഫീസ് ചെങ്ങന്നൂരിൽ ആണ്. റെയിൽവേ സ്റ്റേഷൻ, കെഎസ്ആർടിസി ബസ്റ്റാൻഡ് നഗരസഭ ഓഫീസ് എന്നിവ കൂടാതെ മിക്ക സർക്കാർ ഓഫീസുകളും പ്രവർത്തിക്കുന്ന റവന്യൂ ടവർ, ട്രഷറി എന്നിവയെല്ലാം ചെങ്ങന്നൂരിലെ കോടതി സമുച്ചയത്തിന് സമീപത്താണ് സ്ഥിതി ചെയ്യുന്നത്.
കുടുംബ സംബന്ധമായ തർക്കങ്ങളും വാഹനാപകട നഷ്ടപരിഹാര വുമായി ബന്ധപ്പെട്ട എല്ലാ ആവശ്യങ്ങൾക്കും 15 കിലോമീറ്റർ അകലെയുള്ള മാവേലിക്കര കോടതികളെ ആണ് ആശ്രയിച്ചു വരുന്നത്. മാവേലിക്കര കുടുംബകോടതി പ്രതിമാസം 75000 രൂപയുടെ കെട്ടിടത്തിലും ആണ് പ്രവർത്തിക്കുന്നത്. തന്നെയുമല്ല മാവേലിക്കര കുടുംബകോടതിയിൽ ഇപ്പോൾ ഏകദേശം 10,000 കേസുകളാണ് തീർക്കാതെ കെട്ടിക്കിടക്കുന്നത്. ഈ സാഹചര്യത്തിലാണ് ചെങ്ങന്നൂരിൽ കുടുംബകോടതിയും, എം എ സി ടി കോടതിയും സ്ഥാപിക്കണമെന്ന ആവശ്യം ജനങ്ങൾക്കിടയിൽ ശക്തമായത്. സർക്കാർ അടിയന്തിരമായി അനുകൂല നടപടി സ്വീകരിക്കുമെന്നാണ് ജനങ്ങളുടെയും പ്രതീക്ഷ.