വ്യാജ വാക്സിൻ നൽകിയ 2 ഡോക്ടർമാര്‍ ഉൾപ്പെടെ 10 പേർ അറസ്റ്റിൽ.

0
മുംബൈയിൽ രണ്ടായിരത്തോളം പേർക്ക് വ്യാജ വാക്സിൻ നൽകിയതായി പൊലീസ് കണ്ടെത്തി. സംഭവത്തിൽ രണ്ട് ഡോക്ടർമാർ ഉൾപ്പെടെ 10 പേരെ പൊലീസ് അറസ്റ്റ് ചെയ്തു. ജനങ്ങൾ കൂട്ടമായി താമസിക്കുന്ന പ്രദേശങ്ങളിൽ ക്യാമ്പ് സംഘടിപ്പിച്ചാണ് പ്രതികൾ തട്ടിപ്പ് നടത്തിയത്. വാക്സിന് പകരം സലൈൻ സൊല്യൂഷനാണ് ഇവർ കുത്തിവെച്ചത്. വ്യാജ കുത്തിവെപ്പ് നടത്തുന്നതിൽ പിന്നിൽ വൻ റാക്കറ്റുണ്ടെന്ന് മുംബൈ പൊലീസ് അറിയിച്ചു. ഇത്തരത്തിൽ 8 ക്യാമ്പുകൾ നടത്താൻ സംഘം പദ്ധതിയിട്ടതായി പൊലീസ് വ്യക്തമാക്കി. പ്രതികളിൽ നിന്ന് പന്ത്രണ്ട് ലക്ഷം രൂപ പൊലീസ് കണ്ടെടുത്തു. ഇത് തട്ടിപ്പിലൂടെ നേടിയതാണെന്ന് പൊലീസ് അറിയിച്ചു.

സമാനമായ സംഭവം പശ്ചിമ ബം​ഗാളിൽ നിന്നും റിപ്പോർട്ട് ചെയ്തിട്ടുണ്ട്. 500 പേരിലാണ് വ്യാജ പ്രതിരോധ കുത്തിവെപ്പ് നടത്തിയത്. സർക്കാർ ഉദ്യോ​ഗസ്ഥൻ ചമഞ്ഞ് കുത്തിവെപ്പിന് നേതൃത്വം നൽകിയ ഒരാളെ കൊൽക്കത്തയിൽ പൊലീസ് അറസ്റ്റ് ചെയ്തു. ഇയാളുടെ നേതൃത്വത്തിൽ എട്ട് വ്യാജ വാക്സിനേഷൻ ക്യാമ്പുകള്‍ സംഘടിപ്പിച്ചെന്ന് പൊലീസ് കണ്ടെത്തി. നിരവധി വികലാം​ഗരും ഇവിടെ നിന്ന് കുത്തിവെപ്പ് എടുത്തിരുന്നു. കൊവിഷീൽഡ് വാക്സിന്റെ വ്യാജ കുപ്പികൾ ഇവിടെ നിന്ന് കണ്ടെടുത്തിട്ടുണ്ട്. അണുബാധ ചികിത്സക്ക് ഉപയോ​ഗിക്കുന്ന അമിക്കാസിൻ സൾഫേറ്റ് മരുന്ന് കുപ്പിക്ക്‌ മുകളിൽ കൊവിഷീൽഡിന്റെ ലേബൽ പതിപ്പിച്ചാണ് തട്ടിപ്പ് നടത്തിയത്.

നടിയും രാഷ്ട്രീയ പ്രവർത്തകയുമായ മിമിചക്രവർത്തിയാണ് സംഭവം പുറത്തുകൊണ്ടുവന്നത്. വ്യാജ ക്യാമ്പിൽ നിന്ന് വാക്സിൻ സ്വീകരിച്ച ഇവർ പിന്നീട് ഇത് സംബന്ധിച്ച് സംശയം പ്രകടപ്പിക്കുകയായിരുന്നു. പ്രതിയിൽ നിന്ന് സർക്കാറിന്റെ വ്യാജ തിരിച്ചറിയിൽ കാർഡ് കണ്ടെടുത്തിട്ടുണ്ട്. ഇയാള്‍ ഉപയോഗിച്ച സർക്കാർ സ്റ്റിക്കർ പതിച്ച കാറും പൊലീസ് പിടിച്ചെടുത്തു. വ്യാജ കുത്തിവയ്ക്പ്പെടുത്തവർ പാർശ്വഫലങ്ങളിൽ ആശങ്ക പ്രകടിപ്പിച്ചിട്ടുണ്ട്. ആവശ്യമെങ്കിൽ ഇവർക്കായി പ്രത്യേക മെഡിക്കൽ ക്യാമ്പ് സംഘടിപ്പിക്കുമെന്ന് കൊൽക്കൊത്ത കോർപ്പറേഷൻ ആരോ​ഗ്യ വിഭാ​ഗം അറിയിച്ചു.

Post a Comment

0Comments
Post a Comment (0)