പിഞ്ചുകുഞ്ഞിനെ ഉപേക്ഷിച്ചത്, കുട്ടിയുടെ അമ്മയായ കല്ലുവാതുക്കല്‍ പേഴുവിള വീട്ടില്‍ രേഷ്മ (22) ആണെന്ന് പൊലീസ് കണ്ടെത്തിയിരുന്നു. തുടര്‍ന്ന് യുവതിയെ അറസ്റ്റ് ചെയ്യുകയുമായിരുന്നു.
ഡിഎന്‍എ പരിശോധനയിലൂടെയാണ് അമ്മയെ കണ്ടെത്തിയത്.
ഫേയ്സ്ബുക്കില്‍ പരിചയപ്പെട്ട കാമുകന്റെ നിര്‍ദ്ദേശപ്രകാരമായിരുന്നു കുഞ്ഞിനെ ഉപേക്ഷിച്ചതെന്നാണ് രേഷ്മ പൊലീസിനോട് പറഞ്ഞത്. അന്വേഷണ സംഘത്തെ തെറ്റിദ്ധരിപ്പിക്കാനാണ് ഇതുവരെ കാണാത്ത 'കാമുകനെ' അവതരിപ്പിക്കുന്നതെന്നാണ് പൊലീസ് സംശയിക്കുന്നത്. യുവതി ഗര്‍ഭിണിയായതും പ്രസവിച്ച വിവരവും ഭര്‍ത്താവടക്കം ഒപ്പം താമസിച്ചിരുന്നവരാരും അറിഞ്ഞിരുന്നില്ലെന്ന് പൊലീസ് പറയുന്നു.
ഈ വര്‍ഷം ജനുവരി 5ന് പുലര്‍ച്ചെയാണ് കൊല്ലം പരവൂരിനടുത്ത് ഊഴായിക്കോട്ട് സുദര്‍ശനന്‍ പിള്ളയുടെ വീട്ടുവളപ്പില്‍ നവജാതശിശുവിനെ കരിയിലക്കൂട്ടത്തിൽ
ഉപേക്ഷിക്കപ്പെട്ട നിലയില്‍ കണ്ടെത്തിയത്. ശ്വാസകോശത്തിലടക്കം കരിയില കയറിയ കുഞ്ഞ് പിറ്റേന്ന് മരിക്കുകയും ചെയ്തു. തുടര്‍ന്നു നടത്തിയ അന്വേഷണത്തിലാണ് സുദര്‍ശനന്‍ പിള്ളയുടെ മകള്‍ രേഷ്മ തന്നെയാണ് കുഞ്ഞിനെ പ്രസവിച്ച് ഉപേക്ഷിച്ചതെന്നു പൊലീസ് കണ്ടെത്തിയത്.