‘ക്വട്ടേഷന്‍ സംഘത്തെ സഹായിച്ചത് പാര്‍ട്ടിയുടെ യശസ്സിന് കളങ്കമേല്‍പ്പിച്ചു’; അര്‍ജുന്‍ ആയങ്കി ഉപയോഗിച്ച കാറിന്റെ ഉടമ സജേഷിനെ സിപിഐഎം സസ്‌പെന്‍ഡ് ചെയ്തു.

0
സ്വര്‍ണക്കടത്ത് കേസില്‍ ആരോപണവിധേയനായ അര്‍ജുന്‍ ആയങ്കി ഉപയോഗിച്ച കാറിന്റെ ഉടമ സജേഷിനെ സിപിഐഎം പുറത്താക്കി. അഞ്ചരക്കണ്ടി ഏരിയയിലെ ചെമ്പിലോട് ലോക്കലില്‍ പെടുന്ന കോയ്യോട് മൊയ്യാരം ബ്രാഞ്ച് അംഗമാണ് ക്വട്ടേഷന്‍ സംഘം ഉപയോഗിച്ച വാഹനത്തിന്റെ ഉടമ സി സജേഷ്. ഇയാളുടെ നടപടി പാര്‍ട്ടിയുടെ യശസ്സിന് കളങ്കമേല്‍പ്പിച്ചെന്ന് ചൂണ്ടിക്കാട്ടിയാണ് നടപടി. സജേഷ് ക്വട്ടേഷന്‍ സംഘത്തെ സഹായിച്ചെന്നും സിപിഐഎം കണ്ണൂര്‍ ജില്ലാ കമ്മിറ്റി വ്യക്തമാക്കുന്നു. അന്വേഷണ വിധേയമായാണ് നടപടി.

സജേഷിനെ നേരത്തെ പ്രാഥമിക അംഗത്ത്വത്തില്‍ നിന്നും പുറത്താക്കിയതായി ഡിവൈഎഫ്‌ഐ വ്യക്തമാക്കിയതിന് പിന്നാലെയാണ് സിപിഎം നടപടി. സജേഷിനെ പ്രാഥമിക അംഗത്തില്‍ നിന്ന് പുറത്താക്കിയതായി ഡിവൈഎഫ്‌ഐ വ്യക്തമാക്കിയിട്ടുണ്ട്. ഡി.വൈ.എഫ്.ഐ. ചെമ്പിലോട് മേഖല സെക്രട്ടറിയും അഞ്ചരക്കണ്ടി ബ്ലോക്ക് കമ്മിറ്റി അംഗവുമായിരുന്നു സജേഷ്. വിഷയത്തില്‍ ഡിവൈഎഫ്‌ഐ പ്രതിസന്ധിയിലായതോടെയായിരുന്നു നീക്കം.

അതിനിടെ, രാമനാട്ടുകര അപകടം, സ്വര്‍ണ്ണക്കടത്ത് കേസ് എന്നിവയില്‍ അന്വേഷണം പുരോഗമിക്കുന്നതിനിടെ സിപിഐഎം ക്വട്ടേഷനെതിരെ നടപടി ശക്തമാക്കാനൊരുങ്ങുന്നതായി റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു. ക്വട്ടേഷന്‍ സംഘങ്ങളുമായി ബന്ധമുള്ളവരുമായി സഹകരിക്കരുതെന്ന് സിപിഐഎം ജില്ലാ സെക്രട്ടറിയേറ്റ് കീഴ്ഘടകങ്ങള്‍ക്ക് മുന്നറിയിപ്പ് നല്‍കിയെന്നായിരുന്നു റിപ്പോര്‍ട്ട്. പിന്നാലെയായിരുന്നു നടപടി. പാര്‍ട്ടിയുമായി മുമ്പ് ബന്ധമുണ്ടായിരുന്നവര്‍, സ്വര്‍ണക്കള്ളക്കടത്ത്ഹവാല ഇടപാട് എന്നിവയുമായി ബന്ധമുള്ളവര്‍, കൂലിത്തല്ലുകാര്‍ എന്നിവരുമായി പ്രവര്‍ത്തകര്‍ക്ക് ബന്ധം പാടില്ല, ഇത്തരക്കാരില്‍ ഇപ്പോള്‍ പുറത്ത് വന്ന പേരുകള്‍ മാത്രമല്ല, അവരോട് ബന്ധമുള്ളവരേയും അകറ്റി നിര്‍ത്തണമെന്നുമാണ് ജില്ലാ സെക്രട്ടറിയേറ്റിന്റെ നിര്‍ദേശം. നിയമസഭാ തെരഞ്ഞെടുപ്പ് അവലോകനത്തിന്റെ ഭാഗമായി ചേര്‍ന്ന യോഗത്തില്‍ ക്വട്ടേഷന്‍ പ്രശ്‌നം മുഖ്യചര്‍ച്ചയാവുകയായിരുന്നു.

സജേഷിന്റെ കാര്‍ എന്തൊക്കെ ആവശ്യങ്ങള്‍ക്കാണ് ഉപയോഗിച്ചതെന്നത് സംബന്ധിച്ച പൂര്‍ണ വിവരങ്ങള്‍ പൊലീസ് അന്വേഷിച്ചു കൊണ്ടിരിക്കുകയാണ്. സജേഷിന് ഇത്തരത്തില്‍ ഒരു കാറുളള വിവരം അദ്ദേഹത്തിന്റെ അടുത്ത സുഹൃത്തുക്കള്‍ക്ക് പോലും അറിയില്ലായിരുന്നുവെന്ന് നേരത്തെ മാതൃഭൂമി ന്യൂസ് റിപ്പോര്‍ട്ട് ചെയ്തിരുന്നു. കാര്‍ കാണാതായതിന് തുടര്‍ന്ന് സിറ്റി പോലീസ് കമ്മീഷണര്‍ ഓഫീസിലെത്തി സജീഷ് പരാതി നല്‍കിയിട്ടുണ്ട്. കരിപ്പൂര്‍ വിമാനത്താവളത്തില്‍ കണ്ടത് സജേഷിന്റെ കാര്‍ തന്നെയായിരുന്നുവെന്നാണ് പൊലീസിന്റെ നിഗമനം.

അര്‍ജുന്‍ ആയങ്കിയുമായി പാര്‍ട്ടിക്ക് യാതൊരു ബന്ധവുമില്ലെന്ന് നേതാക്കള്‍ വിശദീകരിച്ചിരുന്നു. കരിപ്പൂര്‍ സ്വര്‍ണക്കടത്ത് കേസില്‍ അര്‍ജുന്‍ ആയങ്കി മുഖ്യ കണ്ണിയെന്നാണ് കസ്റ്റംസ് സാമ്പത്തിക കുറ്റകൃത്യങ്ങള്‍ കൈകാര്യം ചെയ്യുന്ന കോടതിയില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ട്. കരിപ്പൂരില്‍ പിടിയിലായ മുഹമ്മദ് ഷഫീഖിന്റെ മൊഴിയുടെ അടിസ്ഥാനത്തിലാണ് റിപ്പോര്‍ട്ട്.

Post a Comment

0Comments
Post a Comment (0)