രാമനാട്ടുകര വാഹനാപകടത്തിൽ കൂടുതൽ ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്ത്, അപകടത്തില്‍ മരിച്ചവര്‍ 5 പേർ ക്രിമിനലുകളെന്ന് റിപ്പോർട്ട്; 15 അംഗ സംഘമെത്തിയത് സ്വര്‍ണ്ണക്കവര്‍ച്ച ലക്ഷ്യമിട്ട്: അപകടം നടന്നയുടന്‍ സംഘ തലവന്‍ മുങ്ങി

0
കോഴിക്കോട് : രാമനാട്ടുകര കാർ അപകടത്തില്‍ മരിച്ച 5 യുവാക്കൾ
സംഘം വാഹനമോഷണം, ഭീഷണി, മര്‍ദനം എന്നിവ പതിവാക്കിയിരുന്ന ക്രിമിനല്‍ സംഘമെന്ന് റിപ്പോര്‍ട്ട്. ചെര്‍പ്പുളശ്ശേരിയില്‍ നിന്നുള്ള 15 അംഗ സംഘം എത്തിയത് സ്വര്‍ണ്ണം കവര്‍ച്ച ചെയ്യാന്‍ ആയിരുന്നു എന്നാണ് സംശയിക്കുന്നത്. ഇതില്‍ ഒരു കാറില്‍ സഞ്ചരിച്ചവരാണ് അപകടത്തില്‍ കൊല്ലപ്പെട്ട അഞ്ചുപേര്‍.

ഇന്നോവ കാറില്‍ സഞ്ചരിച്ച എട്ടുപേര്‍ അറസ്റ്റിലായപ്പോള്‍ സംഘത്തലവന്‍ സൂഫിയന്‍ ഉള്‍പ്പെടെ മൂന്നാമതൊരു കാറില്‍ സഞ്ചരിച്ച രണ്ടു പേരെ പോലീസ് തെരയുകയാണ്. അപകടം നടന്നയുടന്‍ സ്വര്‍ണക്കവർച്ച സംഘത്തലവന്‍ സൂഫിയാന്‍ മുങ്ങിയെന്നും രക്ഷപ്പെടാന്‍ ഉപയോഗിച്ച കാറുകളെ കുറിച്ച് അന്വേഷിക്കുമെന്ന് പൊലീസ് വ്യക്തമാക്കി. അപകടം നടന്നയുടനെയാണ് ഇയാള്‍ രക്ഷപ്പെട്ടത്.

അപകടം അറിഞ്ഞ ഉടന്‍ സൂഫിയാന്‍ രക്ഷപ്പെട്ടതായാണ് വിവരം. അപകടം നടന്നപ്പോള്‍ മാരുതി ബലേനോ കാര്‍ നിര്‍ത്താതെ പോയതായി ലോറി ഡ്രൈവര്‍ പോലീസിന് മൊഴി നല്‍കിയിട്ടുണ്ട്. അപകടത്തില്‍ പെട്ട വാഹനം അമിതവേഗത്തിലായിരുന്നു. ഇത് നിയന്ത്രണം വിട്ടു മറിഞ്ഞ് ലോറിയില്‍ വന്നിടിക്കുകയായിരുന്നു എന്നാണ് നിഗമനം. കാണാതായ മൂന്നാമത്തെ വാഹനത്തെ കുറിച്ച് അന്വേഷണം നടത്തിക്കൊണ്ടിരിക്കുകയാണെങ്കിലും ഒരു വിവരം ലഭിച്ചിട്ടില്ല. ഇപ്പോള്‍ പോലീസ് അന്വേഷണം പുരോഗമിക്കുന്നത് ഫോര്‍ച്യൂണര്‍, ഥാർ എന്നീ കാറുകളെ കേന്ദ്രീകരിച്ചാണ്.

സ്വര്‍ണ്ണം കടത്തിയ വാഹനമെന്നും പിന്നാലെ കവര്‍ച്ച നടത്താന്‍ വന്നതെന്നും സംശയിക്കപ്പെടുന്ന കാറുകള്‍ അമിതവേഗത്തില്‍ പായുന്നതിന്റെ സിസിടിവി ദൃശ്യങ്ങളും പോലീസ് കണ്ടെത്തിയിട്ടുണ്ട്. കരിപ്പൂര്‍ വിമാനത്താവളത്തിന് അടുത്ത് വച്ച് സ്വര്‍ണ്ണം കടത്താന്‍ വന്നവരും തട്ടിയെടുക്കാന്‍ വന്നവരും തമ്മില്‍ ഏറ്റുമുട്ടലുകള്‍ ഉണ്ടായതിന്റെ തെളിവുകളും കിട്ടിയിട്ടുണ്ട്.

കണ്ണൂര്‍ സ്വദേശി നല്‍കിയ ക്വട്ടേഷനില്‍ കള്ളക്കടത്ത് സാധനത്തിന് സുരക്ഷ നല്‍കാനാണ് തങ്ങള്‍ വന്നതെന്നാണ് പിടിയിലായവര്‍ പോലീസിന് നല്‍കിയ മൊഴി. സ്വര്‍ണക്കടത്ത് സംഘങ്ങളുമായി അടുത്തബന്ധമുള്ളവരാണ് പൊലീസ് പിടിയിലായവര്‍. കള്ളക്കടത്ത് സ്വര്‍ണത്തിന് സുരക്ഷയൊരുക്കുന്ന ജോലി ചെയ്തിരുന്ന ഇവര്‍ അവസരം കിട്ടുമ്പോള്‍ കള്ളക്കടത്ത് സ്വര്‍ണം കവര്‍ന്നിരുന്നതായും പൊലീസിന് വിവരം ലഭിച്ചിട്ടുണ്ട്.

സ്വര്‍ണ്ണക്കവര്‍ച്ചയ്ക്ക് എത്തിയ സംഘത്തിന് കണ്ണൂരുകാരനായ ഒരാള്‍ ഗള്‍ഫില്‍നിന്ന് സ്വര്‍ണം കൊണ്ടുവരുന്നുണ്ടെന്ന വിവരം കൃത്യമായി ലഭിച്ചിരുന്നു. സ്വര്‍ണം കവര്‍ച്ച ചെയ്യാന്‍ കഴിഞ്ഞ 16 മുതല്‍ സംഘം പദ്ധതി തയ്യാറാക്കിയിരുന്നതായും പൊലീസിന് വിവരം ലഭിച്ചിട്ടുണ്ട്. കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്‌തിട്ടുള്ള എട്ടു പ്രതികള്‍ക്ക് അനേകം ക്രിമിനല്‍ കേസുകളില്‍ പോലീസ് തെരയുന്നവരാണെന്നും കണ്ടെത്തിയിട്ടുണ്ട്.

അപകടത്തില്‍ പെട്ട സംഘത്തിനെക്കുറിച്ച് പരാതിയുമായി ആരും രംഗത്ത് വരാത്തതിന് കാരണം ചരല്‍ ഫൈസല്‍ ഉള്‍പ്പടെയുള്ള ഇവരുടെ സംഘത്തിലെ പ്രധാനികളെ ഭയന്നാണെന്ന വെളിപ്പെടുത്തലുകളും പുറത്തുവന്നിട്ടുണ്ട്.

2019 ല്‍ ഇവര്‍ രണ്ടു കാറുകള്‍ തട്ടിയെടുത്തതുമായി ബന്ധപ്പെട്ട് ഒരു യുവാവി​ന്റെ വെളിപ്പെടുത്തലും പുറത്തുവന്നിട്ടുണ്ട്. തന്നെ ക്രൂരമായി മര്‍ദിച്ച ശേഷം തന്റേയും കൂട്ടുകാരന്റേയും വാഹനങ്ങള്‍ തട്ടിയെടുത്തു. പൊലീസില്‍ പരാതി നല്‍കി ആറ് മാസത്തിന് ശേഷമാണ് വാഹനം തിരിച്ചുകിട്ടിയത്. ചെര്‍പ്പുളശ്ശേരി ഭാഗത്ത് ഇവരില്‍ നിന്നും ഒരുപാട് പേര്‍ക്ക് ഇത്തരത്തില്‍ അനുഭവങ്ങള്‍ ഉണ്ടായിട്ടുണ്ടെന്നും യുവാവ് പറയുന്നു.
Tags

Post a Comment

0Comments
Post a Comment (0)