ശാസ്ത്രത്തെ വിശ്വസിക്കുക: വാക്‌സിനെടുക്കാന്‍ മുന്നോട്ട് വരൂ, കുപ്രചാരണങ്ങള്‍ വിശ്വസിക്കരുതെന്ന് പ്രധാനമന്ത്രി

0
ന്യൂഡല്‍ഹി : കൊവിഡ് വാക്‌സിനേഷനുമായി ബന്ധപ്പെട്ട കുപ്രചാരണങ്ങളില്‍ വിശ്വസിക്കരുതെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. വാക്‌സിന്‍ എടുക്കാന്‍ മടിച്ചു നില്‍ക്കരുതെന്നും വാക്‌സിനെതിരായ പ്രചാരണങ്ങളെ തള്ളിക്കളയണമെന്നും അദ്ദേഹം പറഞ്ഞു. 

മന്‍ കി ബാത്തിലൂടെയായിരുന്നു പ്രധാനമന്ത്രിയുടെ ആഹ്വാനം. വാക്‌സിനെടുക്കാനുള്ള പേടിയും മടിയും ഉപേക്ഷിച്ച് ജനങ്ങള്‍ സ്വമേധയാ മുന്നോട്ടു വരണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. താനും നൂറ് വയസ്സിനടുത്തുള്ള തന്റെ അമ്മയും വാക്‌സിന്‍ സ്വീകരിച്ചിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

'എല്ലാവരോടും ഞാന്‍ അഭ്യര്‍ത്ഥിക്കുന്നു, ശാസ്ത്രത്തെ വിശ്വസിക്കുക. നമ്മുടെ ശാസ്ത്രജ്ഞരെ വിശ്വസിക്കുക. ധാരാളം ആളുകള്‍ വാക്സിന്‍ എടുത്തിട്ടുണ്ട്. ഞാന്‍ രണ്ട് ഡോസുകളും എടുത്തിട്ടുണ്ട്. എന്റെ അമ്മയ്ക്ക് ഏകദേശം നൂറ് വയസ്സ് പ്രായമുണ്ട്, രണ്ട് വാക്സിനുകളും എടുത്തിട്ടുണ്ട്. ദയവായി ഇതുമായി ബന്ധപ്പെട്ട അഭ്യൂഹങ്ങളൊന്നും വിശ്വസിക്കരുത്'.- പ്രധാനമന്ത്രി പറഞ്ഞു.

വാക്‌സിന്‍ എടുക്കുന്നതിലൂടെ മാത്രമേ ഒരാള്‍ക്ക് കൊവിഡില്‍ നിന്ന് സുരക്ഷ നേടാനാകൂവെന്നും വാക്‌സിനെതിരെ പ്രചാരണം നടത്തുന്നവര്‍ അത് ചെയ്തുകൊണ്ടേയിരിക്കട്ടെയെന്നും മോദി പറഞ്ഞു. ഡിസംബര്‍ അവസാനത്തോടെ രാജ്യത്തെല്ലാവര്‍ക്കും പ്രതിരോധ കുത്തിവെയ്പ്പിനാവശ്യമായ വാക്‌സിന്‍ ലഭ്യമാക്കുമെന്ന് ഇന്നലെ പ്രധാനമന്ത്രിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന ഉന്നതതല യോഗം തീരുമാനിച്ചിരുന്നു. 

Post a Comment

0Comments
Post a Comment (0)