ലക്ഷദ്വീപിലെ പുതിയ നീക്കങ്ങള്‍ക്ക് പിന്നില്‍ സങ്കുചിത താത്പര്യങ്ങള്‍,നടപടിയില്‍ നിന്ന് പിന്‍മാറണമെന്ന് മുഖ്യമന്ത്രി

0

തിരുവനന്തപുരം : ലക്ഷദ്വീപില്‍ അഡ്മിനിസ്‌ട്രേറ്റര്‍ സ്വീകരിക്കുന്ന നടപടികള്‍ക്ക് പിന്നില്‍ സങ്കുചിത താത്പര്യങ്ങളാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. ഇത് തീര്‍ത്തും അപലപനീയമാണെന്നും ഈ നപടികളില്‍നിന്ന് ബന്ധപ്പെട്ടവര്‍ പിന്‍വാങ്ങണമെന്നും മുഖ്യമന്ത്രി ആവശ്യപ്പെട്ടു.

ലക്ഷദ്വീപില്‍നിന്നു വരുന്ന വാര്‍ത്തകള്‍ അതീവ ഗൗരവുമുള്ളതാണ്. അവിടുത്തെ ജനങ്ങളുടെ സംസ്‌കാരത്തിനും ജീവിതത്തിനും വെല്ലുവിളിയുയര്‍ത്തുന്ന സാഹചര്യമാണ് ഇപ്പോള്‍ ഉണ്ടാവുന്നത്. അത്തരം നീക്കങ്ങള്‍ ഒരുതരത്തിലും അംഗീകരിക്കാന്‍ കഴിയാത്തതാണ്. ലക്ഷദ്വീപും കേരളവുമായി ദീര്‍ഘകാലത്തെ ബന്ധമാണുള്ളത്. ഒരു ഘട്ടത്തില്‍ നമ്മുടെ സംസ്ഥാനത്തിന്റെ ഭാഗമായിരുന്നു അവര്‍. കോഴിക്കോട്, തിരുവനന്തപുരം, എറണാകുളം എന്നിവിടങ്ങളിലൊക്കെയാണ് അവര്‍ ചികിത്സയ്ക്കും മറ്റും വരാറുള്ളത്. കേരളത്തിലാകെ ലക്ഷദ്വീപില്‍നിന്നുള്ള ധാരാളം വിദ്യാര്‍ത്ഥികളുണ്ട്. പരസ്പര സഹകരണത്തിലൂടെയാണ് ദ്വീപുനിവാസികളും നമ്മളും മുന്നോട്ടുപോകുന്നത്. ഇത് തകര്‍ക്കാന്‍ ഗൂഢ ശ്രമം നടക്കുന്നതായാണ് വാര്‍ത്തകളില്‍ കാണുന്നത്. അത് സങ്കുചിത താല്‍പര്യങ്ങള്‍ക്ക് വഴങ്ങിക്കൊണ്ടാണ് അത്തരം നിലപാടുകള്‍. അത് തീര്‍ത്തും അപലപനീയമാണ്. ഇത്തരം നീക്കങ്ങളില്‍നിന്ന് ബന്ധപ്പെട്ടവര്‍ പിന്‍വാങ്ങണം എന്നുതന്നെയാണ് അഭിപ്രായമെന്നും മുഖ്യമന്ത്രി പറഞ്ഞു.

Post a Comment

0Comments
Post a Comment (0)