യു.ഡി.എഫിൻ്റെ രാഷ്ട്രീയ നിലപാടുകൾക്കെതിരെ സോഷ്യൽ മീഡിയയിൽ പരസ്യമായി ആഞ്ഞടിച്ച് ഷിബു ബേബി ജോൺ.

0
" മാധ്യമങ്ങളോടും പാർട്ടി വേദിയിലും സംസാരിക്കാനുള്ള തിരിച്ചറിവ് പോലുമില്ലാത്തവരോട് സഹതപിക്കാൻ മാത്രമേ കഴിയുകയുള്ളു "

ഐക്യജനാധിപത്യ മുന്നണിയുടെ തെരഞ്ഞെടുപ്പിലെ പരാജയം ചൂണ്ടിക്കാണിച്ച് പൊതുവേദിയിലും മാധ്യമങ്ങൾക്ക് മുന്നിലും യോഗങ്ങൾ വിളിച്ചും പരസ്യമായി വിഴുപ്പലക്കിയും പൊതുജനമധ്യത്തിൽ കൂടുതൽ അപഹാസ്യരാകുകയാണ് ഐക്യജനാധിപത്യ മുന്നണിയുടെ നേതാക്കളെന്ന് പരാമർശിച്ച് തുടങ്ങുന്ന ഷിബു ബേബി ജോൺ തൻ്റെ ഓഫീഷ്യൽ പ്രൊഫൈലിൽ പങ്ക് വെച്ച കുറിപ്പിൽ സമീപ ദിവസങ്ങളിൽ പുറത്ത് വന്ന കോൺഗ്രസ്സിൻ്റെയും ഘടകകക്ഷികളുടെയും രാഷ്ട്രീയമായ നിലപാടുകൾക്കെതിരെ പരോക്ഷമായ രീതിയിൽ ആഞ്ഞടിക്കുകയാണ്. 

മാധ്യമങ്ങളോടും പാർട്ടി വേദിയിലും സംസാരിക്കാനുള്ള തിരിച്ചറിവ് പോലുമില്ലാത്തവരോട് സഹതപിക്കാൻ മാത്രമേ കഴിയുകയുള്ളുവെന്നും ഇത്തരത്തിലുള്ള അധ:പതനത്തിനെതിരെയുള്ള മറുപടിയാണ് ജനം തന്നതെന്നും ആർ.എസ്.പി നേതാവും മുൻ മന്ത്രിയും ഐക്യജനാധിപത്യ മുന്നണിയുടെ ചവറയിലെ സ്ഥാനാർത്ഥിയുമായിരുന്ന ഷിബു ബേബി ജോൺ കുറ്റപ്പെടുത്തി.

ഷിബു ബേബി ജോണിൻ്റെ പോസ്റ്റ്  താഴെ വായിക്കാം......

കേരളത്തിലെ മതേതര ജനാധിപത്യ ചേരിയായ ഐക്യജനാധിപത്യ മുന്നണി തെരെഞ്ഞെടുപ്പിൽ പരാജയപ്പെട്ട് വലിയൊരു പടുകുഴിയിലേക്ക് നിലംപതിച്ചിരിക്കുന്ന ഒരു രാഷ്ട്രീയ സാഹചര്യത്തിൽ നിലനിൽപ്പ് തന്നെ കൺമുന്നിൽ ചോദ്യചിഹ്നമായി നിൽക്കുകയാണ്. എന്നാൽ അത് ഉൾക്കൊള്ളാൻ തയ്യാറാകാതെ പരസ്യമായും രഹസ്യമായുമൊക്കെ ഗ്രൂപ്പ് യോഗങ്ങൾ വിളിച്ചും പരസ്യമായി വിഴുപ്പലക്കിയും പൊതുജനമധ്യത്തിൽ കൂടുതൽ അപഹാസ്യരാകുന്ന നേതാക്കളുടെ ഉദ്ദേശമെന്താണ്?

മാധ്യമങ്ങളോട് എന്ത് പറയണം, പാർട്ടിവേദിയിൽ എന്ത് പറയണമെന്ന തിരിച്ചറിവ് പോലുമില്ലാത്തവരോട് സഹതപിക്കാൻ മാത്രമെ സാധിക്കുകയുള്ളു.

നിങ്ങളുടെ ഈ അധ:പതനത്തിനുള്ള മറുപടിയാണ് ജനം തന്നത്. എന്നാൽ 'എന്നെ തല്ലണ്ടമ്മാ ഞാൻ നന്നാവൂല' എന്ന സന്ദേശമാണ് നിങ്ങൾ ജനങ്ങൾക്ക് നൽകാൻ ആഗ്രഹിക്കുന്നതെങ്കിൽ ഇനിയും അവരെ കൊണ്ട് തല്ലിക്കാതെ സ്വയം ഒരു കുഴിയെടുത്ത് മൂടുന്നതാകും നല്ലത്.

അല്ല... അതാണല്ലോ ഇപ്പോഴും ചെയ്തുകൊണ്ടിരിക്കുന്നത്.

Post a Comment

0Comments
Post a Comment (0)