ജൂണ്‍ 9 വരെ സംസ്ഥാനത്താകെ ലോക്ക്ഡൗണ്‍, ഇളവുകളും പ്രഖ്യാപിച്ചു

0
സംസ്ഥാനത്ത് പൊതുവെ രോഗവ്യാപനം കുറയുന്നുണ്ടെങ്കിലും നിയന്ത്രണം ഒഴിവാക്കാറായിട്ടില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. സംസ്ഥാനത്താകെ മെയ് 31 മുതല്‍ ജൂണ്‍ ഒന്‍പത് വരെ ലോക്ക്ഡൗണ്‍ തുടരുമെന്ന് അദ്ദേഹം അറിയിച്ചു. കോവിഡ് അവലോകനത്തിന് ശേഷമുള്ള വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഈ ഘട്ടത്തില്‍ നിയന്ത്രണങ്ങളില്‍ ചില ഇളവുകള്‍ നല്‍കും. അത് അത്യാവശ്യ പ്രവര്‍ത്തനത്തിന് വേണ്ടിയാണ്. എല്ലാ വ്യവസായ സ്ഥാപനങ്ങളും ആവശ്യമായ മിനിമം ജീവനക്കാരെ ഉപയോഗിച്ച്‌ തുറക്കാം. ജീവനക്കാരുടെ എണ്ണം 50 ശതമാനം കവിയരുതെന്ന് അദ്ദേഹം നിര്‍ദ്ദേശിച്ചു. വ്യവസായ സ്ഥാപനങ്ങള്‍ക്ക് അസംസ്‌കൃത വസ്തുക്കള്‍ നല്‍കുന്ന കടകള്‍ ചൊവ്വ, വ്യാഴം ശനി ദിവസങ്ങളില്‍ അഞ്ച് മണി വരെ പ്രവര്‍ത്തിക്കാം.

ബാങ്കുകള്‍ തിങ്കള്‍ മുതല്‍ വെള്ളി വരെ വൈകുന്നേരം അഞ്ച് മണി വരെ പ്രവര്‍ത്തിക്കാം. വിദ്യാഭ്യാസ ആവശ്യത്തിന് പുസ്തകം വില്‍ക്കുന്ന കടകള്‍ തുണി, സ്വര്‍ണം, ചെരിപ്പ് കടകള്‍ എന്നിവ തിങ്കള്‍ ബുധന്‍ വെള്ളി ദിവസങ്ങളില്‍ അഞ്ച് മണി വരെ പ്രവര്‍ത്തിക്കും. കള്ള് ഷാപ്പുകളില്‍ കൊവിഡ് പ്രോട്ടോക്കോള്‍ അനുസരിച്ച്‌ പാഴ്‌സല്‍ നല്‍കാം.പാഴ്വസ്തുക്കള്‍ സൂക്ഷിക്കുന്ന കടകള്‍ ആഴ്ചയില്‍ രണ്ട് ദിവസം പ്രവര്‍ത്തിക്കാമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Post a Comment

0Comments
Post a Comment (0)