കെ ബി ഗണേഷ് കുമാറിനെ മന്ത്രിസഭയില്‍ നിന്ന് ഒഴിവാക്കിയത് കുടുംബത്തിലെ സ്വത്ത് തര്‍ക്കത്തെ തുടര്‍ന്നെന്ന് സൂചന; എന്നാൽ ആരോപണം നിഷേധിച്ച് എം.എൽ.എ

0

തിരുവനന്തപുരം : കേരള കോണ്‍ഗ്രസ് ബി ഏക എം.എല്‍.എ കെ.ബി. ഗണേഷ് കുമാറിന്‍റെ മന്ത്രിസഭാ പ്രവേശനം രണ്ടാം ടേമിലേക്ക് മാറ്റാനുള്ള എല്‍.ഡി.എഫ് തീരുമാനത്തിന് പിന്നില്‍ കുടുംബാംഗത്തിന്‍റെ ഇടപെടലെന്ന് റിപ്പോര്‍ട്ട്. ആര്‍. ബാലകൃഷ്ണപിള്ളയുടെ സ്വത്ത് സംബന്ധിച്ച തര്‍ക്കം ചൂണ്ടിക്കാട്ടി മൂത്ത സഹോദരി ഉഷ മോഹന്‍‌ദാസ് ഉന്നയിച്ച പരാതിയാണ് ഗണേഷിന് തിരിച്ചടിയായത്. രണ്ടു ദിവസം മുമ്ബ് മുഖ്യമന്ത്രി പിണറായി വിജയന്‍, സി.പി.എം മുന്‍ സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ എന്നിവരെ സന്ദര്‍ശിച്ച ഉഷ, പരാതി നേരിട്ട് ഉന്നയിച്ചെന്ന്​ 'ന്യൂ ഇന്ത്യന്‍ എക്സ്പ്രസ്' റിപ്പോര്‍ട്ട് ചെയ്​തു.

കൊട്ടാരക്കരയിലും പത്തനാപുരത്തുമായി കോടിക്കണക്കിന് രൂപയുടെ സ്വത്താണ് മേയ് മൂന്നിന് അന്തരിച്ച ആര്‍. ബാലകൃഷ്ണപിള്ളയുടെ ഉടമസ്ഥതയിലുള്ളത്. ഈ സ്വത്ത് വീതംവെക്കുന്നത് സംബന്ധിച്ച തയാറാക്കിയ വില്‍പത്രത്തില്‍ ചില കളികള്‍ നടന്നുവെന്നാണ് ആരോപണം. ഇതിന് പിന്നില്‍ സഹോദരന്‍ ഗണേഷ് കുമാറാണെന്നാണ് ഉഷയുടെ ആരോപണം. കൂടാതെ, അതിന്‍റെ തെളിവുകള്‍ ഉഷ മുഖ്യമന്ത്രിയുടെ ശ്രദ്ധയില്‍പ്പെടുത്തിയെന്നും ന്യൂ ഇന്ത്യന്‍ എക്സ്പ്രസ് റിപ്പോര്‍ട്ട് ചെയ്യുന്നു.

ഇതിന് പുറമെ, സോളാര്‍ കേസിലെ സ്ത്രീയുമായി ബന്ധപ്പെട്ട വിഷയങ്ങള്‍ വീണ്ടും ഉയര്‍ന്നുവരാന്‍ സാധ്യതയുണ്ടെന്ന വിലയിരുത്തലും ഗണേഷ് കുമാറിന് ആദ്യ ടേമിലെ മന്ത്രിയാകുന്നതില്‍ വിലങ്ങുതടിയായി. ഇതാണ് എല്‍.ഡി.എഫിനെ മാറ്റി ചിന്തിക്കാന്‍ പ്രേരിപ്പിച്ചത്.

ചില കുടുംബ പ്രശ്നങ്ങളുണ്ടെന്നും അത് കുടുംബത്തില്‍ തന്നെ പരിഹരിക്കാന്‍ സാധിക്കുമെന്നാണ് വിചാരിക്കുന്നതെന്നും ഉഷ മോഹന്‍ദാസ് പ്രതികരിച്ചു. ഈ വിഷയത്തില്‍ ആര്‍ക്കും പരാതി നല്‍കിയിട്ടില്ല. മാധ്യമ വാര്‍ത്തകളെ കുറിച്ച്‌ അറിയില്ല. തങ്ങളുടെ അറിവോടെയല്ല വാര്‍ത്തകള്‍ വന്നതെന്നും ഉഷ ന്യൂസ് സൈറ്റിനോട് പറഞ്ഞു.

അതേസമയം, മന്ത്രിസഭാ പ്രവേശനം രണ്ടാം ടേമിലേക്ക് മാറ്റിയതിന് പിന്നില്‍ രാഷ്ട്രീയ കാരണങ്ങളാണെന്ന് കെ.ബി. ഗണേഷ് കുമാര്‍ മാധ്യമങ്ങളോട് പറഞ്ഞു. സ്വത്തുതര്‍ക്കം സംബന്ധിച്ച്‌ സഹോദരി പരാതി നല്‍കിയെന്ന ആരോപണം അടിസ്ഥാനരഹിതമാണെന്നും ഗണേഷ് വ്യക്തമാക്കി.

നേരത്തെ, കേരള കോണ്‍ഗ്രസ് ബിക്ക് ആദ്യ ടേമിലും ജനാധിപത്യ കേരള കോണ്‍ഗ്രസിന് രണ്ടാമത്തെ ടേമിലും പിണറായി മന്ത്രിസഭയില്‍ അംഗമാകാനാണ് എല്‍.ഡി.എഫില്‍ ധാരണയായത്. എന്നാല്‍, ഗണേഷ് കുമാറിന്‍റെ സഹോദരിയുടെ ഇടപെടലോടെ സ്ഥിതിഗതികള്‍ മാറിമറിയുകയായിരുന്നു. തുടര്‍ന്ന്, ജനാധിപത്യ കേരള കോണ്‍ഗ്രസിന്‍റെ ഏക എം.എല്‍.എ ആന്‍റണി രാജുവിനോട് ആദ്യ ടേമില്‍ മന്ത്രിസഭാംഗമാകാന്‍ എല്‍.ഡി.എഫ് നിര്‍ദേശിക്കുകയായിരുന്നു.

2001 മുതല്‍ പത്തനാപുരം സിറ്റിങ് എം.എല്‍.എയായ ഗണേഷ് കുമാര്‍ 2011ല്‍ ഉമ്മന്‍ ചാണ്ടി സര്‍ക്കാറില്‍ അംഗമായിരുന്നു. എന്നാല്‍, ആദ്യഭാര്യ ഡോ. യാമിനി തങ്കച്ചി നല്‍കിയ ഗാര്‍ഹിക പീഡന പരാതിയെ തുടര്‍ന്ന് 2013 ഏപ്രിലില്‍ രാജിവെക്കേണ്ടി വന്നു.


എന്നാൽ ആരോപണം നിഷേധിച്ച് എം.എൽ.എ

കുടുംബപരമായ കാരണങ്ങളല്ല രാഷ്ട്രീയപരമായ കാരണങ്ങളാണ് രണ്ടാം ടേംമിലേക്ക് കാര്യങ്ങൾ എത്തിച്ചത്. ആ തീരുമാനത്തെ ശക്തമായി പിന്തുണയ്ക്കുന്നു കെ ബി ഗണേഷ് എം.എൽ.എ വ്യക്തമാക്കി.

Post a Comment

0Comments
Post a Comment (0)