കൊല്ലത്ത് രണ്ട് വർഷം മുൻപ് കൊന്നുകുഴിച്ചിട്ട ഷാജി പീറ്ററിന്റെ മൃതദേഹാവശിഷ്ടം പൊലീസും ഫോറൻസിക് സംഘവും നടത്തിയ മണിക്കൂറുകൾ നീണ്ട പരിശോധനയ്‌ക്കൊടുവിൽ കണ്ടെത്തി. സ്ലാബിനടിയിൽ ചാക്കിൽ കെട്ടിയ നിലയിലായിരുന്നു മൃതദേഹാവശിഷ്ടങ്ങൾ കണ്ടെടുത്തത്.
തിങ്കളാഴ്ച വൈകുന്നേരം പത്തനംതിട്ട പൊലീസിന് ലഭിച്ച സന്ദേശത്തെ തുടർന്നാണ് ഷാജിയുടെ തിരോധാനം കൊലപാതകമാണെന്ന നിലയിലുള്ള വിവരം പുറത്തറിഞ്ഞത്. ഷാജിയെ കാണാതായതല്ലെന്നും മരിച്ചതാണെന്നും വീടിനോട് ചേർന്നുള്ള കിണറിന് സമീപത്തെ കുഴിയിലാണ് മൃതദേഹം മറവുചെയ്തതെന്നുമായിരുന്നു പോലീസിന് ലഭിച്ച സന്ദേശം. അമ്മയും സഹോദരനും ചേർന്നാണ് കൊലപാതകം നടത്തിയതെന്നും പൊലീസിന് വിവരം ലഭിച്ചു. ഇതിന്റെ അടിസ്ഥാനത്തിൽ ഷാജിയുടെ സഹോദരനും ഭാര്യയും അമ്മയും കഴിഞ്ഞ ദിവസം അറസ്റ്റിലായിരുന്നു. ഇവർ കുറ്റസമ്മതം നടത്തിയിരുന്നു.