കൊല്ലം : വിദ്യാർഥിനികളുടെ പേരിൽ ഇൻസ്റ്റാഗ്രാമിൽ വ്യാജ അക്കൌണ്ട് നിർമ്മിച്ച് അശ്ലീല ചാറ്റിങ് നടത്തിയതിന് അധ്യാപികയ്ക്കെതിരെ കേസ്. ശിശുക്ഷേമ സമിതിക്കും പൊലീസിനും രക്ഷിതാക്കൾ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് കൊല്ലം നഗരത്തിലെ പ്രശസ്ത ട്യൂഷൻ അധ്യാപികയ്ക്കെതിരെ കേസെടുത്തിരിക്കുന്നത്. നഗരത്തിലെ പ്രധാന സ്കൂളുകളിലെ വിദ്യാർഥിനികൾക്കാണ് അധ്യാപിക വീട്ടിൽ ട്യൂഷൻ എടുത്തിരുന്നത്. വിദ്യാർഥിനികളുടെ ഫോൺ കൈവശപ്പെടുത്തി, അവരറിയാതെ ഇൻസ്റ്റാഗ്രാമിൽ വ്യാജ അക്കൌണ്ട് സൃഷ്ടിക്കുകയാണ് അധ്യാപിക ചെയ്തിരുന്നത്. പിന്നീട് ഈ അക്കൌണ്ടിൽനിന്ന് വിദ്യാർഥികൾക്ക് അശ്ലീല ചിത്രങ്ങളും വീഡിയോയും സന്ദേശങ്ങളും അയയ്ക്കും. അതിനുശേഷം ഈ ചാറ്റിന്റെ സ്ക്രീൻ ഷോട്ട് കാണിച്ചു വിദ്യാർഥിനികളെ ഭീഷണിപ്പെടുത്തുകയാണ് അധ്യാപിക ചെയ്തിരുന്നത്.
അശ്ലീല ചാറ്റിന്റെ സ്ക്രീൻ ഷോട്ട് കാണിച്ച് ചില വിദ്യാർഥിനികളിൽനിന്ന് ഇവർ പണവും സ്വർണവും ആവശ്യപ്പെട്ടു. ഇതോടെയാണ് വിവരം വിദ്യാർഥിനികൾ വീട്ടിൽ പറയുന്നത്. തുടർന്ന് രക്ഷിതാക്കൾ സംഘടിച്ച് അധ്യാപികയ്ക്കെതിരെ പൊലീസിലും ശിശുക്ഷേമ സമിതിയിലും പരാതി നൽകുകയായിരുന്നു. ശിശുക്ഷേമ സമിതിയുടെ കൌൺസിലറും വനിതാ പൊലീസ് ഉദ്യോഗസ്ഥരും മൂന്നു വിദ്യാർഥിനികളിൽ നിന്ന് മൊഴി എടുത്തതിന്റെ അടിസ്ഥാനത്തിലാണ് അധ്യാപികയ്ക്കെരിതെ കേസെടുത്തത്. കൂടുതൽ വിദ്യാർഥിനികൾ വരും ദിവസങ്ങളിൽ പരാതി നൽകിയേക്കുമെന്നാണ് വിവരം.