തിരുവനന്തപുരം : ശബരിമലയിലെ യുവതീപ്രവേശവുമായി ബന്ധപ്പെട്ട് പുതിയ സത്യവാങ്മൂലം നല്‍കുമെന്നു പറഞ്ഞത് തിരുത്തി സിപിഎം പി.ബി.അംഗം എം.എ.ബേബി. സത്യവാങ്മൂലം കൊടുക്കുന്നു എന്ന നിലയില്‍ താന്‍ പറഞ്ഞുവെന്ന പ്രചാരണം തന്റെയോ പാര്‍ട്ടിയുടെയോ കാഴ്ചപ്പാടല്ലെന്നും അദ്ദേഹം വ്യക്തമാക്കി.
ശബരിമല വിധി വന്നതിനുശേഷം മാത്രം ചിന്തിക്കേണ്ട വിഷയമാണത്. വിധി നടപ്പാക്കുന്നത് സാമൂഹിക സംഘർഷത്തിന് വഴിവയ്ക്കരുത്. പാർട്ടി വീക്ഷണം ബലം പ്രയോഗിച്ച് നടപ്പാക്കില്ല. തന്റെ പേരിൽ ശബരിമല അനുകൂല പ്രചാരണം നടക്കുന്നത് ശരിയല്ലെന്നും ബേബി പറഞ്ഞു.
സ്ത്രീപ്രവേശനവുമായി ബന്ധപ്പെട്ട പുനഃപരിശോധനാ ഹര്‍ജികളില്‍ വാദം വരുന്ന സമയത്ത് ആവശ്യമെങ്കില്‍ പുതിയ സത്യവാങ്മൂലം നല്‍കാന്‍ തയ്യാറെന്ന് എം.എ.ബേബി വ്യക്തമാക്കിയിരുന്നു. ഇതു വിവാദമായതിനു പിന്നാലെയാണ് തിരുത്തുമായി രംഗത്തെത്തിയത്.
യുവതീപ്രവേശം ആവശ്യപ്പെട്ടത് ബിജെപി പ്രവർത്തകരായ സ്ത്രീകളാണ്. യുവതീപ്രവേശം അനുവദിച്ചുകൊണ്ടുള്ള വിധി പാർട്ടി പത്രത്തിൽ ബിജെപി ആഘോഷിക്കുകയായിരുന്നു. സുപ്രീംകോടതി ഇക്കാര്യത്തില്‍ വിധി പ്രസ്താവിക്കുമ്പോള്‍ ഇടത് സര്‍ക്കാരാണ് ഭരണത്തിലുളളതെങ്കില്‍ വിധി നടപ്പാക്കുന്നതിലെ പ്രായോഗിക പ്രശ്‌നങ്ങള്‍ ഞങ്ങള്‍ ബന്ധപ്പെട്ടവരുമായി ചര്‍ച്ച ചെയ്യും. പാര്‍ട്ടിപരമായ നിലപാടോ കാഴ്ചപ്പാടോ ബലംപ്രയോഗിച്ച് നടപ്പാക്കുകയില്ല. സാമൂഹിക സമവായമുണ്ടാക്കാനാണ് സര്‍ക്കാര്‍ ശ്രമിക്കുകയെന്നും അദ്ദേഹം പറഞ്ഞു.
അതേസമയം, ശബരിമല വിഷയത്തിൽ പുതിയ നിയമനിർമാണമെന്ന കോൺഗ്രസ് നിലപാട് മൗഢ്യമാണെന്നും അദ്ദേഹം പറഞ്ഞു.
സ്ത്രീ തുല്യതയ്ക്ക് വേണ്ടിയാണ് ഇടതുപക്ഷം നിലകൊള്ളുന്നത്. ആദ്യഘട്ടത്തില്‍ കോണ്‍ഗ്രസും ബിജെപിയുമടക്കം എല്ലാവരും അംഗീകരിച്ച സാഹചര്യത്തിലാണ് ശബരിമലയിലെ കോടതി വിധി നടപ്പാക്കാന്‍ സര്‍ക്കാര്‍ ശ്രമിച്ചതെന്നും ബേബി പറഞ്ഞു.
വൈരുദ്ധ്യാത്മക ഭൗതികവാദത്തെക്കുറിച്ചുള്ള പരാമര്‍ശത്തില്‍ എം വി ഗോവിന്ദനെയും ബേബി പിന്തുണച്ചു. നീണ്ട പ്രസംഗത്തില്‍ ചിലഭാഗം മാത്രമെടുത്താണ് മാധ്യമങ്ങൾ ചര്‍ച്ചകളും വിശകലനങ്ങളും നടത്തുന്നത്. ഓരോ രാജ്യത്തെയും സവിശേഷതകള്‍ക്കനുസരിച്ചാണ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടികള്‍ പ്രവര്‍ത്തിക്കുന്നത്. ഇതാണ് ഇന്ത്യന്‍ സാഹചര്യത്തില്‍ ഗോവിന്ദന്‍ മാസ്റ്റര്‍ പറഞ്ഞതെന്നും എം എ ബേബി പറഞ്ഞു.