ഇരവിപുരം : പരീക്ഷക്കായി ട്രെയിനിൽകോളേജിലേക്ക് പോകുന്നതിനായി റെയിൽവെ സ്റ്റേഷനിലേക്ക് പോകുവാൻ റോഡരികിൽ ബസ്സ് കാത്തു നിൽക്കുകയായിരുന്ന നിയമ വിദ്യാർത്ഥിയായ യുവാവിനെ ലിഫ്റ്റ് നൽകാമെന്ന് പറഞ്ഞ് ബൈക്കിൽ കയറ്റിയ ശേഷം യുവാവിന്റെ കൈയ്യിലുണ്ടായിരുന്ന ബാഗും, പേഴ്സും, പണവും അപഹരിച്ച ശേഷം ബിയർ കുപ്പി കൊണ്ട് തലയ്ക്കടിച്ച് പരിക്കേൽപ്പിച്ച് ആളൊഴിഞ്ഞ വയലിൽ തള്ളിയ സംഭവത്തിൽ രണ്ടു പെരെ ഇരവിപുരം പൊലീസ് അറസ്റ്റ് ചെയ്തു.
കൊല്ലം ഉളിയകോവിൽ കണ്ണമത്ത് വീട്ടിൽ നിന്നും തൃക്കരുവാ കാഞ്ഞിരംകുഴി ഞാറയ്ക്കൽ വീട്ടിൽ വാടകക്ക് താമസിക്കുന്ന ശ്യാം (25), തഴുത്തല പേരയം പുതുച്ചിറ നഴ്സിംഗ് കോളേജിന് സമീപം തോട്ടത്തിൽ പുത്തൻവീട്ടിൽ വാളി സജി എന്നു വിളിക്കുന്ന സജികുമാർ (36) എന്നിവരാണ് പിടിയിലായത്.ഇക്കഴിഞ്ഞ മൂന്നാം തീയതി രാത്രി പത്രണ്ടരയോടെ അയത്തിലായിരുന്നു സംഭവം. തൊടുപുഴയിൽ എൽ.എൽ.ബി.യ്ക്ക് പഠിക്കുന്ന അയത്തിൽ നഗർ ആറ് കിഴക്കേ മണ്ണറ വീട്ടിൽ അമീൻ (2l) പരീക്ഷ എഴുതുനതിനായി രാത്രിയുള്ളട്രെയിനിൽ കോളേജിലേക്ക് പോകുന്നതിനായി വാഹനം കാത്തു നിൽക്കുമ്പോൾ ബൈക്കിലെത്തിയ പ്രതികൾ റെയിൽവെ സ്റ്റേഷനിൽ ആക്കാമെന്നു പറഞ്ഞ് അമീനെ ബൈക്കിൽ കയറ്റിയ ശേഷം റെയിൽവെ സ്റ്റേഷനിൽ ഇറക്കാതെ ഇയാളുടെകൈയ്യിലുണ്ടായിരുന്ന ബാഗും, പേഴ്സും പണവും തട്ടിയെടുത്ത ശേഷം ബിയർ കുപ്പി കൊണ്ട് അമീന്റെ തലയ്ക്കടിച്ച് പരിക്കേൽപ്പിക്കുകയും പുന്തല ത്താഴത്തിനും ഡീസന്റ് മുക്കിനും ഇടയിൽ ആളൊഴിഞ്ഞ സ്ഥലത്തെ വയലിൽ ഉപേക്ഷിച്ച് കടക്കുകയുമായിരുന്നു. സംഭവമറിഞ്ഞ സിറ്റി പൊലീസ് കമ്മീഷണർ റ്റി.നാരായണന്റെ നിർദ്ദേശ പ്രകാരം പ്രതികൾക്കായി പൊലീസ് വ്യാപകമായ തിരച്ചിൽ നടത്തുകയും ഡീസന്റുമുക്ക് മുതൽ കൊല്ലം വരെയുള്ള നൂറോളം നിരീക്ഷണ ക്യാമറകളിലെ ദൃശ്യങ്ങൾ പരിശോധിക്കുകയും രാത്രിയിൽ കൊല്ലം. കണ്ണനല്ലൂർ റോഡിലൂടെ പോയിട്ടുള്ള ബൈക്കുകളുടെ നമ്പരുകളും, സൈബർ സെൽ സഹായത്തോടെ മൊബൈൽ ടവ്വറുകളിൽ നിന്നുള്ള നമ്പരുകളും ശേഖരിച്ച് നടത്തിയ അന്വേഷണത്തിലാണ് പ്രതികൾ പിടിയിലായത്.പി ടി യി ലാ യ ശ്യാമിന്റെ പേരിൽ അഞ്ചാലുംമൂട്, കൊല്ലം ഈസ്റ്റ് എന്നിവിടങ്ങളിൽ കേസുകൾ നിലവിലുണ്ട്. കൂടുതൽ ചോദ്യം ചെയ്യുന്നതിനായി പ്രതികളെ കസ്റ്റഡിയിൽ വാങ്ങുമെന്ന് പൊലീസ് പറഞ്ഞു. ഇരവിപുരം എസ്.എച്ച്.ഓ.വിനോദ് കെ, എസ്.ഐ.മാരായ ദീപു, ഷെമീർ, സൂരജ് ഭാസ്കർ, ജി.എസ്.ഐ.മാരായ ജയകുമാർ, ഷാജി, എ.എസ്.ഐ.ജയപ്രകാശ് സി.പി.ഒമാരായ മനോജ്, വിനു വിജയ് എന്നിവരാണ് സംഘത്തിലുണ്ടായിരുന്നത്.