പുനലൂർ : വയോധികനെയും യുവാവിനെയും പുനലൂർ എസ്.ഐയും ഉൾപ്പെടെെയുള്ള സംഘം ക്രൂരമായി മർദിച്ചതായി പരാതി. മർദ്ദനമേറ്റ പിറവന്തൂർ പൈമാനന്തൂർ ശ്രീവിലാസം വീട്ടിൽ സനൽകുമാർ, പുനലൂർ നെടുങ്കയം സ്വദേശി ശാമുവേൽമാത്യു എന്നിവർ എസ്.ഐക്കതിരെ പുനലൂർ ജുഡീഷ്യൽ മജിസ്ട്രേറ്റ് മൂന്നാം കോടതിയിൽ പരാതി നൽകി.
സംഭവം ഇങ്ങനെ :
അലിമുക്കിലെ വ്യാപാരിയായ സനൽകുമാർ നടത്തിയിരുന്ന കടയും അനുബന്ധ ഭൂമിയും വിലക്കുവാങ്ങുന്നത് സംബന്ധിച്ച് വസ്തു ഉടമകളുമായി സിവിൽ കേസ് നിലവിലുണ്ട്. ഇതിനെതുടർന്ന് വസ്തു ഉടമകൾ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ പുനലൂർ എസ്.ഐ മിഥുനും സംഘവും എത്തി സനൽകുമാറിനെ കസ്റ്റഡിയിലെടുത്തു.
ജീപ്പിലും സ്റ്റേഷനിലും എത്തിച്ച് ക്രൂരമായി മർദിച്ചതായി സനൽകുമാർ പരാതിയിൽ പറയുന്നു. അവശനായ സനൽകുമാറിനെ കോടതിയിൽ ഹാജരാക്കാതെ രാത്രിയിൽ സ്റ്റേഷൻ ജാമ്യത്തിൽ വിട്ടയക്കുകയായിരുന്നു. ദേഹമാസകലം ക്രൂരമർദനമേറ്റ സനൽകുമാർ പുനലൂർ താലൂക്കാശുപത്രിയിൽ ചികിത്സ തേടി. ചെറുകിട കച്ചവടക്കാരനായ ശാമുവേൽ മാത്യു പുനലൂരിൽ വൺവേയിൽ കാർ തിരിച്ചെന്ന് പറഞ്ഞാണ് എസ്.ഐയും സംഘവും കസ്റ്റഡിയിലെടുത്തത്.
പെറ്റി അടയ്ക്കാൻ ആവശ്യപ്പെട്ട പണം നൽകാൻ കൈയിലില്ലാത്തതിനാൽ അടുത്തുള്ള കടയിൽനിന്ന് വാങ്ങി നൽകാൻപോലും സമ്മതിക്കാതെ സ്റ്റേഷനിലെത്തിച്ച് മർദിക്കുകയായിരുന്നെന്ന് അദ്ദേഹം പറഞ്ഞു. രോഗിയാണ് മർദിക്കരുതെന്ന് പറഞ്ഞിട്ടും എസ്.ഐ സ്റ്റേഷനിലും റെസ്റ്റ് റൂമിലും എത്തിച്ച് മർദിച്ചു.
അവശനായ ശാമുവേൽമാത്യു സ്വകാര്യ ആശുപത്രിയിൽ ചികിത്സതേടി. പുനലൂർ എസ്.ഐയും സംഘവും കടുത്ത മനുഷ്യാവകാശ ലംഘനമാണ് നടത്തിയിരിക്കുന്നതെന്ന് ഇരുവരുടെയും അഭിഭാഷകനായ അഞ്ചൽ ബി. പ്രദീപ്കുമാർ പറഞ്ഞു.
HIGHLIGHTS : punaloor judicial magistrate 3rd court get a Complaint, that old man and Young guy were brutally beaten by punaloor SI and his Force.
