അലങ്കാര മത്സ്യകുളത്തില്‍ വീണ് പിഞ്ചുകുഞ്ഞിന് ദാരുണാന്ത്യം

0
അഞ്ചല്‍ : മീന്‍ വളര്‍ത്താനായി വീട്ടു മുറ്റത്തുണ്ടാക്കിയ കുളത്തില്‍ വീണ് പിഞ്ചുകുഞ്ഞിന് ദാരുണാന്ത്യം. കൊല്ലം അഞ്ചലില്‍ പനച്ചവിള സ്വദേശിയായ വിഷ്ണുവിന്‍റെയും ശ്രുതിയുടെയും മകനായ ഒരു വയസുകാരന്‍ ശ്രേയേഷ് ആണ് അലങ്കാര മത്സ്യകുളത്തില്‍ മുങ്ങി മരിച്ചത്. തൊട്ടിലില്‍ ഉറങ്ങാന്‍ കിടത്തിയ കുഞ്ഞ് വീട്ടുകാരറിയാതെ മുറ്റത്തിറങ്ങിയപ്പോഴായിരുന്നു അപകടം.

ബുധനാഴ് ച ഉച്ചയോടെയാണ് സംഭവം. ഇടമുളയ്ക്കല്‍ പനച്ചവിളയിയില്‍ അലങ്കാര മത്സ്യ വില്‍പനശാല നടത്തുന്ന വിഷ്ണുവിന് ഉച്ചഭക്ഷണവുമായി പോയിരിക്കുകയായിരുന്നു മാതാവ് ശ്രുതി. അലങ്കാര മല്‍സ്യങ്ങളെ വളര്‍ത്താനായി വീട്ടുമുറ്റത്ത് വിഷ്ണു നിര്‍മിച്ചതാണ് കുളം. മൂത്തകുട്ടി ശ്രാവണിനോടൊപ്പം (ഏഴ് ) ശ്രേയസിനേയും വീട്ടിനുള്ളില്‍ ഉറക്കിക്കിടത്തിയ ശേഷമാണ് ശ്രുതി പോയത്.

സംഭവസമയം ഇവരുടെ മുത്തശ്ശി ജലജ മാത്രമായിരുന്നു വീട്ടിലുണ്ടായിരുന്നത്. മുറ്റത്ത് കുട്ടിയുടെ കരച്ചില്‍ കേട്ട് മുത്തശ്ശി എത്തിയപ്പോഴേക്കും കുട്ടി വെള്ളത്തില്‍ വീണ് കിടക്കുന്നതാണ് കണ്ടത്. ഉടന്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും പിഞ്ചു ജീവന്‍ രക്ഷിക്കാനായില്ല. ഉറക്കമുണര്‍ന്ന കുഞ്ഞ് മുറ്റത്ത് ഇറങ്ങിയപ്പോള്‍ കാല്‍ വഴുതി കുളത്തില്‍ വീണതാകാമെന്നാണ് അനുമാനം. അഞ്ചല്‍ പൊലീസെത്തി തുടര്‍ നടപടിയെടുത്തു.

Post a Comment

0Comments
Post a Comment (0)