കെപിസിസി അധ്യക്ഷൻ കെ സുധാകരനും ജോസഫൈനെതിരെ രംഗത്തെത്തി. ഇരയാക്കപ്പെടുന്ന സ്ത്രീകളോട് ഇത്രയും ക്രൂരമായി അസഹിഷ്ണുതയോടെയും പരിഹാസത്തോടെയും സംസാരിക്കുന്ന ജോസഫൈനെ അടിയന്തരമായി തൽസ്ഥാനത്ത് നിന്നും നീക്കണമെന്ന് കെ.സുധാകരൻ ആവശ്യപ്പെട്ടു.
മനോരമ ന്യൂസിൽ നടന്ന ഫോൺ ഇൻ പരിപാടിക്കിടെയായിരുന്നു സംഭവം. എറണാകുളത്ത് നിന്നും ലെബീന എന്ന സ്ത്രീയായിരുന്നു പരിപാടിയിലേക്ക് വിളിച്ചത്. ഭർത്താവും ഭർതൃമാതാവും ചേർന്ന് തന്നെ പീഡിപ്പിക്കുകയാണെന്നായിരുന്നു ലെബീനയുടെ പരാതി. ഫോൺ കോളിലുണ്ടായ ചില സാങ്കേതിക പ്രശ്നങ്ങളോട് തുടക്കം മുതൽ രൂക്ഷമായ രീതിയിൽ പ്രതികരിച്ച ജോസഫൈൻ പിന്നീട് പൊലീസിൽ പരാതി നൽകിയിരുന്നോ എന്ന് അന്വേഷിക്കുകയായിരുന്നു.
എവിടെയും പരാതി നൽകിയിട്ടില്ലെന്നും ആരോടും പറഞ്ഞിട്ടില്ലെന്നും ലെബീന അറിയച്ചപ്പോൾ 'എന്നാൽ പിന്നെ അനുഭവിച്ചോട്ടാ' എന്നായിരുന്നു ജോസഫൈന്റെ മറുപടി. വേണമെങ്കിൽ കമ്മീഷനിൽ പരാതി നൽകിക്കോളൂ എന്നാൽ സ്ത്രീധനം തിരിച്ചുകിട്ടണമെങ്കിൽ നല്ലൊരു വക്കീലിനെ വെച്ച് കുടുംബകോടതിയെ സമീപിക്കണമെന്നാണ് ജോസഫൈൻ പിന്നീട് പറയുന്നത്. ജോസഫൈന്റെ പ്രതികരണത്തിനെതിരെ വ്യാപക പ്രതിഷേധമാണ് ഉയരുന്നത്.