കൊട്ടാരക്കര : കരീപ്ര ഗ്രാമപഞ്ചായത്തിന്റെ കമ്മ്യൂണിറ്റി കിച്ചണിൽ നിന്ന് ആഹാരം വാങ്ങി വീടുകളിലെത്തിക്കാൻ വന്ന സന്നദ്ധ പ്രവർത്തകരുടെ വാഹനം ഇലയം, വക്കനാട് വാർഡ് മെമ്പർമാരുടെ നേതൃത്വത്തിൽ ബിജെപി സേവാഭാരതി പ്രവർത്തകർ തടഞ്ഞു. പഞ്ചായത്ത് ഭരണസമിതിയുടെ ഇതുവരെയുള്ള മികച്ച കോവിഡ് പ്രവർത്തനങ്ങളിൽ അസ്വസ്ഥരായ ബിജെപി പ്രവർത്തകർ മുടന്തൻ ന്യായങ്ങൾ നിരത്തിയാണ് കമ്മ്യൂണിറ്റി കിച്ചണിൽ അക്രമം അഴിച്ചു വിടാൻ ശ്രമിച്ചതെന്ന് പഞ്ചാചായത്ത് തല വൃത്തങ്ങൾ ആരോപിച്ചു.
പ്രശ്നം പരിഹരിക്കാൻ എത്തിയ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ: പി.എസ് പ്രശോഭയ്‌ക്ക് നേരെയും സന്നദ്ധ പ്രവർത്തകർക്ക് നേരെയും അസഭ്യവർഷം നടത്തിയെന്നും ശേഷം ഇവർ കമ്മ്യൂണിറ്റി കിച്ചണിൽ ജോലി ചെയ്യാനെത്തിയ സന്നദ്ധ പ്രവർത്തകർക്ക് നേരെ കയ്യേറ്റം ചെയ്യാനും ശ്രമിച്ചുവെന്നും ആരോപണമുണ്ട്. നാട്ടുകാർ ഉൾപ്പടെയുള്ളവർ ഇടപെട്ടാണ് ബിജെപി സേവാഭാരതി പ്രവർത്തകരെ കമ്മ്യൂണിറ്റി കിച്ചണിൽ നിന്നും ഒഴിപ്പിച്ചതെന്ന് ദൃക്സാക്ഷി അഷ്ടമുടി ലൈവിനോട് പറഞ്ഞു.