തൃശൂർ: കുഴൽപണ കേസ് കത്തിനിൽക്കുന്നതിനിടെ ബി.ജെ.പി സംസ്ഥാന നേതാവിന് തൃശൂരിൽ മർദനം. ചാനൽ ചർച്ചകളിലെ സജീവ സാന്നിധ്യവും പാലക്കാട് ജില്ലക്കാരനുമായ നേതാവിനാണ് ബി.ജെ.പി പ്രവർത്തകരുടെ തന്നെ മർദനമേറ്റത്. വനിത പ്രാദേശിക നേതാവുമായുള്ള ഇയാളുടെ ബന്ധമാണ് അടിയിൽ കലാശിച്ചതെന്ന് സൂചനയുണ്ട്. എന്നാൽ, ഇരുകൂട്ടർക്കും പരാതിയൊന്നുമില്ലാത്തതിനാൽ പൊലീസ് കേസെടുത്തിട്ടില്ല. മാധ്യമമാണ് ഈ വാർത്ത റിപ്പോർട്ട് ചെയ്തിരിക്കുന്നത്.
തൃശൂർ വെസ്റ്റ് സ്റ്റേഷൻ പരിധിയിൽ ഇദ്ദേഹം താമസിക്കുന്ന സ്ഥലത്തെത്തിയായിരുന്നു മർദനം. ആക്രമണത്തിൽനിന്ന് രക്ഷപ്പെടാൻ നേതാവ് വാതിൽ അടക്കാൻ ശ്രമിക്കുന്നതിനിടെ പ്രവർത്തകരിലൊരാളുടെ വിരൽ കുടുങ്ങി പരിക്കേൽക്കുകയും ചെയ്തു. ശനിയാഴ്ച രാത്രിയായിരുന്നു സംഭവം. തൃശൂരിലെത്തിയ നേതാവുമായി പ്രവർത്തകർ തർക്കത്തിലേർപ്പെട്ട ശേഷമാണ് മർദനമെന്ന് പറയുന്നു.
തൃശൂരിൽ ഏറെക്കാലമായി ക്യാമ്പ് ചെയ്തിരുന്ന ഈ നേതാവ് തെരഞ്ഞെടുപ്പ് കാലത്താണ് മടങ്ങിയത്. ഇദ്ദേഹം തൃശൂരിൽ കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്നതിനെതിരെ പാർട്ടി നേതൃത്വത്തിന് ജില്ല നേതൃത്വം തന്നെ പരാതി നൽകിയിരുന്നു. നേരേത്ത കുഴൽപണ വിവാദത്തിൽ വാടാനപ്പള്ളിയിലും പ്രവർത്തകർ ചേരിതിരിഞ്ഞുള്ള സംഘർഷം കത്തിക്കുത്തിൽ എത്തിയിരുന്നു. ജില്ലയിലെ പ്രവർത്തകർ നേതൃത്വത്തിനെതിരെ കടുത്ത രോഷത്തിലാണ്.