അഞ്ചൽ : ഭര്‍ത്താവിന്റെ മാനസിക പീഡനം കാരണം ഭര്‍ത്താവിനെ ലൈവായി കാണിച്ച ശേഷം മലയാളി നഴ്സ് സൗദിയില്‍ ആത്മഹത്യ ചെയ്ത സംഭവത്തിലെ ദുരൂഹത അന്വേഷിക്കണമെന്ന ആവശ്യവുമായി ബന്ധുക്കള്‍. അഞ്ചല്‍ പുത്തയം തൈക്കാവ്മുക്ക് ഷിവാന മന്‍സിലില്‍ അബ്ദുല്‍ സലാമിന്റെയും റുഖിയ ബീവിയുടെയും മകള്‍ മുഹ്‌സീന(32)യാണ് സൗദിയില്‍ തൂങ്ങിമരിച്ചത്. അന്വേഷണം ആവശ്യപ്പെട്ട് കുടുംബം പുനലൂര്‍ ഡിവൈഎസ്പിക്ക് പരാതി നല്‍കി .മുഖ്യമന്ത്രിക്കും ഡിജിപിക്കും ഇന്ത്യന്‍ എംബസിയിലും പരാതി നല്‍കുന്നുണ്ട്.
പ്രണയത്തിലായിരുന്ന ഇരുവരും 2013 മേയ് മാസത്തിലാണ് വിവാഹിതരായത്. മുഹ്‌സീനയാണ് ആദ്യം സൗദിയിലെത്തിയത്. സമീറിനെ സൗദിയില്‍ എത്തിക്കാന്‍ വിസയ്ക്കും മറ്റുമായി മുഹ്‌സീന വലിയ തുക ചെലവഴിച്ചിരുന്നു. നാട്ടില്‍ കാര്‍ വാങ്ങി നല്‍കാനും പണം ചെലവഴിച്ചത് മുഹ്‌സീനയാണ്. ഇതിനിടെ സമീര്‍ നാട്ടില്‍ വരുത്തിവെച്ച 16 ലക്ഷത്തോളം രൂപയുടെ കടബാധ്യത മുഹ്‌സീനയുടെ പിതാവിന് തീര്‍ക്കേണ്ടിവന്നതായും പരാതിയില്‍ പറയുന്നു.
മക്കയിലെ കിങ് അബ്ദുല്‍ അസീസ് ആശുപത്രിയില്‍ നഴ്‌സായിരുന്നു മുഹ്‌സീന. റിയാദിലെ ആശുപത്രിയില്‍ ജോലി ചെയ്യുന്ന ഭര്‍ത്താവ് സമീറിനെ വിഡിയോ കോളില്‍ വിളിച്ചു സംസാരിച്ചെന്നും ഷാള്‍ കഴുത്തില്‍ കുരുക്കുന്നതിന്റെ ദൃശ്യങ്ങള്‍ കാണിച്ചെന്നും ബന്ധുക്കള്‍ പറയുന്നു. ഭര്‍ത്താവില്‍നിന്നുള്ള മാനസിക പീഡനവും സാമ്ബത്തിക നഷ്ടവുമാണ് മകള്‍ ജീവന്‍ ഒടുക്കാന്‍ കാരണമെന്നാണ് രക്ഷിതാക്കളുടെ ആരോപണം. മരിക്കുന്നതിന് തൊട്ടുമുന്‍പ് മുഹ്‌സീന മൂന്ന് വയസുകാരനായ മകനെ സമീപത്തെ ഫ്‌ളാറ്റിലാക്കിയിരുന്നു.
കുറച്ചുകാലം മുന്‍പ് സൗദിയില്‍ നിന്ന് തിരികെ എത്തിയ സമീറിനെ ഒരു മാസം മുന്‍പാണ് മുഹ്‌സീന വീണ്ടും കൊണ്ടുപോയത്. ഇതിനും വലിയ തുക ചെലവായി. ഇതിനിടെ സമീറിന്റെ നാട്ടിലെ ചില ബന്ധങ്ങള്‍ മുഹ്‌സീന ചോദ്യം ചെയ്തിരുന്നതായി ബന്ധുക്കള്‍ പറയുന്നു. ഇത് ഇവര്‍ തമ്മില്‍ അകല്‍ച്ചയ്ക്ക് ഇടയാക്കി. മകളെ ഭര്‍ത്താവ് മര്‍ദിക്കാറുണ്ടെന്ന് മുഹ്‌സിനയുടെ മാതാവ് പറയുന്നു.