രാജ്യത്ത് 24 മണിക്കൂറില്‍ 1.34 ലക്ഷം രോഗബാധിതര്‍, നീറ്റ് പരീക്ഷാ നടത്തിപ്പില്‍ യോഗം വിളിച്ച് കേന്ദ്രം

0
ഇന്ത്യയില്‍ കഴിഞ്ഞ 24 മണിക്കൂറിനിടെ 1.34 ലക്ഷം പേര്‍ക്ക് കോവിഡ് ബാധിച്ചു. മരണനിരക്ക് മൂവായിരത്തില്‍ താഴെയെത്തി. 2,887 പേര്‍ക്കാണ് മഹാമാരിയില്‍ ജീവന്‍ നഷ്ടമായത്. വിവിധ സംസ്ഥാനങ്ങളിലായി 17.13 ലക്ഷം പേരാണ് ചികിത്സയില്‍ കഴിയുന്നത്. വാക്സിന്‍ സ്വീകരിച്ചവരുടെ എണ്ണം 22 കോടി കവിഞ്ഞു

കേരള സര്‍ക്കാര്‍ കോവിഡ് വാക്സിന്‍ മുന്‍ഗണനാ പട്ടിക 11 വിഭാഗങ്ങളെ കൂടി ഉള്‍പ്പെടുത്തി പുതുക്കി. ഹജ്ജ് തീര്‍ത്ഥാടകര്‍, കിടപ്പ് രോഗികള്‍, ബാങ്ക് ജീവനക്കാര്‍, മെഡിക്കല്‍ റെപ്രസെന്റേറ്റീവുകള്‍ തുടങ്ങിയവരെല്ലാം പട്ടികയില്‍ ഉള്‍പ്പെടുന്നു. ആദിവാസി വിഭാഗങ്ങളില്‍ 18 വയസിന് മുകളിലുള്ള എല്ലാവരും മുന്‍ഗണന പട്ടികയില്‍ ഉള്‍പ്പെടും. ആദിവാസി മേഖലയില്‍ കോവിഡ് വ്യാപനം വര്‍ദ്ധിക്കുന്നതായി റിപ്പോര്‍ട്ട് ചെയ്തിരുന്നു. പൊലീസ് ട്രെയിനി, ഫീല്‍ഡില്‍ ജോലി ചെയ്യുന്ന വോളന്റിയര്‍മാര്‍, മെട്രോ റെയില്‍, വാട്ടര്‍ മെട്രോ ഫീല്‍ഡ് ജീവനക്കാര്‍ എന്നിവരും മുന്‍ഗണന അര്‍ഹിക്കുന്നതായി ആരോഗ്യവകുപ്പ് അറിയിച്ചു.

കോവിഡ് മൂന്നാം തരംഗത്തിന്റെ സാധ്യത മുന്നില്‍ കണ്ട് രാജസ്ഥാന്‍ സര്‍ക്കാര്‍ പത്ത്, പ്ലസ് ടു ക്ലാസുകളുടെ പരീക്ഷ റദ്ദാക്കി. ഉന്നതതല യോഗത്തിലാണ് വിദ്യാര്‍ഥികളുടെ താത്പര്യത്തിന് മുന്‍ഗണന നല്‍കാന്‍ തീരുമാനിച്ചത്. പരീക്ഷയില്ലാത മാര്‍ക്ക് നല്‍കുന്നത് സംബന്ധിച്ചുള്ള നടപടികള്‍ ഉടന്‍ കൈക്കൊള്ളുമെന്ന് രാജസ്ഥാന്‍ വിദ്യാഭ്യാസ മന്ത്രി ഗോവിന്ദ് സിങ് ദോത്സര ട്വിറ്ററിലൂടെ അറിയിച്ചു.

അതേസമയം, ഉത്തരാഖണ്ഡില്‍ രണ്ടായിരത്തില്‍ അധികം പൊലീസുകാര്‍ക്ക് കോവിഡ് ബാധിച്ചു. ഇതില്‍ 93 ശതമാനം ഉദ്യോഗസ്ഥരും രണ്ട് ഡോസ് വാക്സിനും സ്വീകരിച്ചവരാണ്. ഔദ്യോഗിക കണക്കുകള്‍ അനുസരിച്ച്‌ 2,382 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചിരിക്കുന്നത്. ഏപ്രില്‍, മെയ് മാസങ്ങളില്‍ ഡ്യൂട്ടിയില്‍ ഉണ്ടായിരുന്നവരാണിവര്‍. ഇതില്‍ 2,204 പേര്‍ രോഗമുക്തി നേടിയപ്പോള്‍ അഞ്ച് മരണവും സംഭവിച്ചു.

Post a Comment

0Comments
Post a Comment (0)