സിബിഎസ്ഇ പരീക്ഷ റദ്ദാക്കേണ്ടതില്ലെന്ന് കൂടുതല്‍ സംസ്ഥാനങ്ങള്‍; അന്തിമ തീരുമാനം പ്രധാനമന്ത്രിക്ക് വിട്ടു

0

ന്യൂഡല്‍ഹി: സി.ബി.എസ്.ഇ പരീക്ഷ റദ്ദാക്കേണ്ടതില്ലെന്ന അഭിപ്രായവുമായി കൂടുതല്‍ സംസ്ഥാനങ്ങള്‍. സെപ്തംബറിലോ അതിനു ശേഷമോ പരീക്ഷ നടത്തുന്ന കാര്യം ആലോചിക്കണമെന്നാണ് നിര്‍ദ്ദേശം. അതേസമയം പരീക്ഷ നടത്തേണ്ടെന്നും ഉപേക്ഷിക്കണമെന്നും ഡല്‍ഹി, മഹാരാഷ്ട്ര സംസ്ഥാനങ്ങള്‍ ആവശ്യപ്പെട്ടു. സി.ബി.എസ്.ഇ ഉള്‍പ്പടെയുള്ള ബോര്‍ഡ് പരീക്ഷ നടത്തിപ്പുമായി ബന്ധപ്പെട്ട് കേന്ദ്രസര്‍ക്കാര്‍ വിളിച്ചു ചേര്‍ത്ത വിദ്യാഭ്യാസ മന്ത്രിമാരുടെ യോഗത്തിലാണ് സംസ്ഥാനങ്ങള്‍ തങ്ങളുടെ അഭിപ്രായം അറിയിച്ചത്.

രാജ്യത്ത് കൊവിഡ് കേസുകള്‍ തുടര്‍ച്ചയായി കുറയുന്ന സാഹചര്യത്തിലാണ് പരീക്ഷ ഉപേക്ഷിക്കേണ്ടതില്ലെന്ന അഭിപ്രായം സംസ്ഥാനങ്ങള്‍ പ്രകടിപ്പിച്ചത്. പരീക്ഷയുമായി മുന്നോട്ടു പോകണം എന്ന പൊതു വികാരമാണ് സംസ്ഥാനങ്ങള്‍ക്ക്. എന്നാല്‍ ജൂലായ് മാസത്തിന് മുമ്ബ് പരീക്ഷ നടത്താനുള്ള സാഹചര്യമില്ല. വിദ്യാര്‍ത്ഥികള്‍ക്ക് ഒന്നിലധികം അവസരം നല്‍കുകയെന്ന നിര്‍ദ്ദേശവുമുണ്ട്. ചില പരീക്ഷകള്‍ മാത്രം നടത്താമെന്ന് കേന്ദ്രം നിര്‍ദ്ദേശിച്ചു. പരീക്ഷ ഒന്നര മണിക്കൂറാക്കാം എന്ന നിര്‍ദ്ദേശവും ചര്‍ച്ചയായി. ഒടുവില്‍ ഇക്കാര്യത്തില്‍ അന്തിമ തീരുമാനം പ്രധാനമന്ത്രിക്ക് വിട്ടു. വിദ്യാര്‍ത്ഥികള്‍ക്ക് വാക്സീന്‍ എത്രയും വേഗം നല്‍കണമെന്നും സംസ്ഥാനങ്ങള്‍ ആവശ്യപ്പെട്ടു.

കേന്ദ്ര പ്രതിരോധവകുപ്പ് മന്ത്രി രാജ്നാഥ് സിം​ഗിന്റെ അദ്ധ്യക്ഷതയിലാണ് യോ​ഗം ചേര്‍ന്നത്. വീഡിയോ കോണ്‍ഫറന്‍സിലൂടെ നടന്ന യോ​ഗത്തില്‍ കേന്ദ്ര വിദ്യാഭ്യാസ വകുപ്പുമന്ത്രി ശ്രീ. രമേശ് പൊഖ്രിയാനും പങ്കെടുത്തു. നീറ്റ് പോലുളള മറ്റു പ്രൊഫഷണല്‍ കോഴ്സുകളിലേക്കുളള മത്സര പരീക്ഷകളും നടത്തുന്നതടക്കമുളള കാര്യങ്ങള്‍ യോ​ഗത്തില്‍ ചര്‍ച്ചയായി. സംസ്ഥാനത്തെ പ്രതിനിധീകരിച്ച്‌ പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി വി. ശിവന്‍കുട്ടിയും, പൊതു വിദ്യാഭ്യാസ വകുപ്പ് ഡയറക്ടററും പരീക്ഷാ കമ്മീഷണറുമായ ജീവന്‍ ബാബു.കെ ഐ.എ.എസും പങ്കെടുത്തു.

കേരളത്തില്‍ സി.ബി.എസ്.ഇ പരീക്ഷ നടത്തുന്ന കാര്യത്തില്‍ സമ്മിശ്ര പ്രതികരണമാണ് ഉള്ളത്. വലിയൊരു വിഭാഗം കുട്ടികളും രക്ഷകര്‍ത്താക്കളും ദേശീയ തലത്തില്‍ നടത്തപ്പെടുന്ന സി.ബി.എസ്.ഇ പരീക്ഷകള്‍ എഴുതുവാന്‍ ആഗ്രഹിക്കുന്നുണ്ടെങ്കിലും ഒരു വിഭാഗം രക്ഷിതാക്കളും അദ്ധ്യാപകരും കൊവിഡ് കേസുകള്‍ കൂടിക്കൊണ്ടിരിക്കുന്ന സാഹചര്യം ചൂണ്ടിക്കാട്ടി ഇതില്‍ ആശങ്ക അറിയിച്ചിട്ടുണ്ട്. എന്നാല്‍ കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയം തീരുമാനമെടുക്കുന്ന മുറയ്ക്ക് ആവശ്യമായ സുരക്ഷാ മുന്‍കരുതലുകള്‍ സ്വീകരിച്ചുകൊണ്ട് പരീക്ഷ നടത്തുന്നതിനുള്ള എല്ലാ പ്രവര്‍ത്തനങ്ങളും സര്‍ക്കാരിന്റെ ഭാഗത്ത് നിന്ന് ഉണ്ടാകുമെന്ന് കേരളം അറിയിച്ചു.

ഉന്നതപഠനം സംബന്ധിച്ച്‌ വിവിധ തലങ്ങളിലുണ്ടായിരുന്ന ആശങ്കകള്‍ പരിഹരിക്കപ്പെടണമെന്നും ദേശീയ തലത്തില്‍ പൊതുപരീക്ഷകള്‍ നടത്താന്‍ തീരുമാനമെടുത്താല്‍ ഇതിലേക്കുള്ള സമയക്രമം മുന്‍കൂട്ടി പ്രഖ്യാപിച്ച്‌ പൊതുമാര്‍ഗ നിര്‍ദ്ദേശങ്ങളുടെ അടിസ്ഥാനത്തില്‍ തുടര്‍നടപടികള്‍ ഉണ്ടാകണമെന്നും സംസ്ഥാനം ആവശ്യപ്പെട്ടു. മുഴുവന്‍ സ്‌കൂള്‍ കുട്ടികള്‍ക്കും കൊവിഡ് പ്രതിരോധ വാക്‌സിനേഷന്‍ നടത്തണമെന്ന നിര്‍ദ്ദേശവും കേരളം കേന്ദ്രത്തിന് മുമ്ബാകെ അവതരിപ്പിച്ചു.

Post a Comment

0Comments
Post a Comment (0)