തിരുവനന്തപുരം : കേന്ദ്ര സര്‍ക്കാര്‍ കൊണ്ടുവരുന്ന അക്രെഡിറ്റഡ് ഡ്രൈവിങ് ട്രെയിനിങ് സെന്ററിന്റെ വരവോടെ ഡ്രൈവിങ് സ്‌കൂളുകള്‍ പ്രതിസന്ധിയിലേക്ക്. കേന്ദ്ര മാനദണ്ഡങ്ങള്‍ക്ക് അനുസൃതമായി സെന്റര്‍ സ്ഥാപിക്കുന്നതിനു വന്‍തുക വേണ്ടിവരും.
ഇത് സംസ്ഥാനത്തെ 99 ശതമാനം ഡ്രൈവിങ് സ്‌കൂളുകളെയും പ്രതിസന്ധിയിലാക്കും. ആയിരക്കണക്കിനാളുകളുടെ തൊഴില്‍ നഷ്ടമാകും. ഡ്രൈവിങ് പഠനത്തിനും വന്‍തുക കണ്ടെത്തേണ്ടി വരും. അക്രഡിറ്റേഷന്‍ സെന്റര്‍ സ്ഥാപിക്കുന്നതിനു മൂന്നു കോടി രൂപ മുതല്‍ മുടക്കേണ്ടി വരുമെന്നാണ് ഡ്രൈവിങ് സ്‌കൂള്‍ ഉടമകള്‍ പറയുന്നത്. ഇത്രയും മുതല്‍ മുടക്കാന്‍ നിലവിലുള്ള ഡ്രൈവിങ് സ്‌കുളുകാരെക്കൊണ്ട് സാധിക്കാതെ വരും.
അതിനാല്‍ കോര്‍പ്പറേറ്റുകള്‍ ഈ രംഗത്തേക്കു വരുമെന്നും ഡ്രൈവിങ് പഠനത്തിന് ഫീസ് 25,000 ത്തിന് മുകളില്‍ പോകുമെന്നും ഇവര്‍ പറയുന്നു. ട്രാക്കിലോ സുമിലേറ്ററിലോ ഡ്രൈവിങ് പഠനം നടത്തണമെന്നും നിര്‍ദേശിക്കുന്നു. അക്രഡിറ്റേഷന്‍ ഡ്രൈവിങ് ട്രെയിനിങ് സെന്റര്‍ നടപ്പാകുന്നതോടെ ഒരേ സിലബസില്‍ ഒരേ അപേക്ഷ ഫോമില്‍ രണ്ടുതരം ഡ്രൈവിങ് പഠനം നടത്താന്‍ പോകുന്ന എക രാജ്യം ഇന്ത്യയാകും. രാജ്യത്ത് ഏകദേശം 15,200 ഡ്രൈവിങ് സ്‌കൂളുകളുണ്ട്. ഇതില്‍ 5,000 എണ്ണം കേരളത്തിലാണ്.
ദൈനംദിന ചെലവുകള്‍ നിറവേറ്റി കുടുംബം പുലര്‍ത്തുന്നവരാണ് 95% ഡ്രൈവിങ് സ്‌കൂളുകാരും. മോട്ടോര്‍ വാഹന വകുപ്പില്‍ അസിസ്റ്റന്റ് മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്‌പെക്ടര്‍ ആയി ജോലി നേടാന്‍ പത്താം ക്ലാസും ഓട്ടോമൊബൈല്‍ ഡിപ്ലോമയും മതി. പുതിയ ഡ്രാഫ്റ്റില്‍ ഡ്രൈവിങ് പഠിപ്പിക്കാന്‍ പന്ത്രണ്ടാം ക്ലാസ് പാസായി മെക്കാനിക് കോഴ്‌സ് പാസാകണം. ഡ്രാഫ്റ്റ് റൂളില്‍ അക്രഡിറ്റേഷന്‍ സെന്ററില്‍ ഡ്രൈവിങ് പഠിക്കുന്നവര്‍ക്കു ഡ്രൈവിങ് ടെസ്റ്റ് ഇല്ല.
പകരം ഈ സെന്ററില്‍ ഡ്രൈവിങ് കോഴ്‌സ് സര്‍ട്ടിഫിക്കേറ്റ് നേടിയാല്‍ മോട്ടോര്‍ വാഹന വകുപ്പില്‍നിന്നു ഡ്രൈവിങ് ലൈസന്‍സ് നല്‍കും. ഡ്രൈവിങ് ടെസ്റ്റ് ഒഴിവാക്കുന്നതിനാല്‍ റോഡ് സുരക്ഷയെയും കാര്യമായി ബാധിക്കും.