പത്തനാപുരം : ചവറയിലെ ഉശിരുള്ള ആണുങ്ങൾക്ക് ഗുണ്ടകളെ കൊണ്ട് നടക്കേണ്ട ആവശ്യമില്ല. ചിലർ നാട്ടിൽ ഗുണ്ടായിസം നടത്തുന്നു. പത്തനാപുരം എം.എൽ.എ ഗണേഷ് കുമാറിനെതിരെ രൂക്ഷ വിമർശനവുമായി മുൻ കേന്ദ്ര മന്ത്രിയും ആർ.എസ്.പി നേതാവുമായ ഷിബു ബേബി ജോൺ.
കോടതി കാര്യങ്ങളിൽ ഇടപ്പെട്ട് ഇടതുപക്ഷ സർക്കാർ തന്നെ റെയ്സ് ചെയ്ത ഓഫീസാണ് എം.എൽ.എ യുടേതെന്നും ഇദ്ദേഹത്തിൻ്റെ പി.എ പിടികിട്ടാപുള്ളിയാണെന്നും ഷിബു ബേബി ജോൺ പറഞ്ഞു. സരിത സൃഷ്ടിയാണെന്ന വെളിപ്പെടുത്തലുകളും എം.എൽ.എ യുടെ ബന്ധുക്കളിൽ നിന്ന് തന്നെ പുറത്ത് വന്നിട്ടുള്ളതാണെന്നും രഹസ്യ ബന്ധത്തിലെ വ്യക്തിയുടെ ഭർത്താവ് ആക്രമിച്ചപ്പോൾ ഗണേഷ് കുമാറിനെ താങ്ങാൻ തൻ്റെ തോൾ വേണമായിരുന്നെന്നും അന്ന് അദ്ദേഹത്തിന് തൻ്റെ പേര് പറയുന്നതിന് നാണക്കേടില്ലായിരുന്നെന്നും ഷിബു ബേബി ജോൺ പറഞ്ഞു.
ഈ തിരഞ്ഞെടുപ്പിൽ ജില്ലയിലെ ആറ് നിയോജക മണ്ഡലങ്ങൾ ഐക്യജനാധിപത്യ മുന്നണി തിരിച്ചുപിടിക്കുമെന്നും അതിലൊന്ന് പത്തനാപുരമാണെന്നും അദ്ദേഹം പറഞ്ഞു.