വിദ്യാർത്ഥികൾ പ്രകൃതിയുടെ കാവലാളുകളാവണം- ഡോ. ചിത്രാ ഐഎഎസ്

Reporters Club Admin
0

പരിസ്ഥിതി സംരക്ഷണത്തിന് മാതൃകാപരമായ പ്രവർത്തനങ്ങൾ കാഴ്ച വയ്ക്കാൻ സമൂഹത്തിൻ്റെ എല്ലാ തുറകളിലുമുള്ള ആളുകൾ ഒരു പോലെ മുന്നോട്ടു വരണമെന്നും വിദ്യാർത്ഥികൾ പ്രകൃതിയുടെ കാവലാളുകളാവണമെന്നും ഡോ. ചിത്രാ ഐ എ എസ്. പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് കൊല്ലം ടി കെ എം കോളേജ് ഓഫ് ആർട്സ് ആൻഡ്‌ സയൻസിലെ പരിസ്ഥിതി ക്ലബ്ബും സുവോളജി വിഭാഗവും ഐക്യുഎസി യും സംയുക്തമായി സംഘടിപ്പിച്ച പരിസ്ഥിതി സംരക്ഷണ പ്രചാരണ വെബിനാർ ഉത്ഘാടനം ചെയ്തു സംസാരിക്കുകയിരുന്നു അവർ. 

പരിസ്ഥിതി സംരക്ഷണത്തിൻ്റെ ആവശ്യകതയെക്കുറിച്ച് സാമാന്യജനങ്ങൾക്കിടയിലും പുതിയ തലമുറയിലും അവബോധം സൃഷ്ടിക്കാൻ കോളേജിലെ പ്രവർത്തനങ്ങൾക്ക് സാധിക്കുമെന്നും നശിച്ചുകൊണ്ടിരിക്കുന്ന ആവാസ വ്യവസ്ഥകളെ വീണ്ടെടുക്കാൻ എല്ലാവരും ഒന്നായി കൈകോർക്കണമെന്നും അവർ കൂട്ടിച്ചേർത്തു.

കേരളത്തിൻ്റെ തനത് പ്രകൃതിയും കാലാവസ്ഥയും നേരിടുന്ന പ്രശ്നങ്ങളെക്കുറിച്ചും അവയെ സംരക്ഷിക്കാൻ നമുക്ക് എന്തൊക്കെ ചെയ്യാനാവും എന്നതിനെക്കുറിച്ചും വിവരിക്കപ്പെട്ടു.
ഇപ്പോഴത്തെ ലേബർ കമ്മിഷണറും ഡിപ്പാർട്മെന്റ് ഓഫ് എൻവയോണ്മെന്റ് ആൻഡ്‌ ക്ലൈമറ്റ് ചേഞ്ചിൻ്റെ മുൻ ഡയറക്ടറുമാണ് ഡോ. ചിത്രാ ഐ എ എസ്.

വെറുമൊരു ദിനാചരണമെന്നതിലുപരി പാരിസ്ഥിതിക പ്രവർത്തനങ്ങൾക്ക് തുടക്കവും തുടർച്ചയും മാതൃകയുമായി സമൂഹത്തിൻ്റെ എല്ലാ തുറകളിലുമുള്ള ആളുകൾ ഒരു പോലെ ആചരിക്കുന്ന ഒരു ദിനമാണ് ലോക പരിസ്ഥിതി ദിനം. 
                         പരിസ്ഥിതി സംരക്ഷണത്തിൻ്റെ ആവശ്യകതയെക്കുറിച്ച് സാമാന്യജനങ്ങൾക്കിടയിലും പുതിയ തലമുറയിലും അവബോധം സൃഷ്ടിക്കാൻ വേണ്ടി യു എൻ എൻവയോണ്മെന്റ് പ്രോഗ്രാം അഥവാ യു എൻ ഇ പി വിവിധ പരിപാടികൾ ആവിഷ്കരിച്ചു നടപ്പാക്കി വരുന്നു.
ഈ വർഷത്തെ ലോക പരിസ്ഥിതി ദിനത്തിൻ്റെ പ്രമേയം 'ആവാസ വ്യവസ്ഥകളുടെ വീണ്ടെടുപ്പ്' എന്നതാണ്. വനനശീകരണം, മലിനീകരണം തുടങ്ങിയ മനുഷ്യൻ്റെ ഹീനപ്രവൃത്തികൾ കൊണ്ട് അപചയം സംഭവിച്ചു കൊണ്ടിരിക്കുന്ന ആവാസ വ്യവസ്ഥകളെ വീണ്ടെടുക്കാൻ നാമോരോരുത്തരും തന്നാലാവുന്നത് ചെയ്യുകയാണ് ഇതിൻ്റെ ഉദ്ദേശ്യം.

ഗ്രാമത്തിലും നഗരത്തിലുമെല്ലാം പരമാവധി ജീവൻ്റെ പച്ചിപ്പ് നട്ടുപിടിപ്പിച്ചും, ജലാശയങ്ങളിലും തീരങ്ങളിലും മാലിന്യ നിർമാർജ്ജനം നടത്തിയും, പ്രകൃതിയെ നശിപ്പിക്കുന്ന നിർമ്മാണ പ്രവർത്തനങ്ങളിൽ നിന്ന് വിട്ടു നിന്നും മാത്രമല്ല, ചില ഭക്ഷണ രീതികളിൽ മാറ്റം വരുത്തി പോലും നമുക്ക് പ്രകൃതിക്ക് വേണ്ടി കൈകോർക്കാവുന്നതാണ്. ജൈവ വൈവിധ്യത്തിന് സംഭവിക്കുന്ന നാശം ഓരോ വർഷവും ആഗോള സാമ്പത്തിക വ്യവസ്ഥയുടെ പത്ത് ശതമാനത്തെ സാരമായി ബാധിക്കുന്നതായാണ് പഠനം തെളിയിക്കുന്നത്. സാങ്കേതിക വിദ്യയും വികസനവും പരിസ്ഥിതി സൗഹൃദപരമായില്ലെങ്കിൽ വരും തലമുറ അതിന് വലിയ വില കൊടുക്കേണ്ടി വരും. 

കോളേജ് പ്രിൻസിപ്പൽ ഡോ. ചിത്രാ ഗോപിനാഥ് അധ്യക്ഷയായിരുന്നു. പരിസ്ഥിതി ക്ലബ്‌ കോർഡിനേറ്റർ ശ്രീമതി. സൗമ്യ എസ്, സുവോളജി വിഭാഗം മേധാവി ഡോ. ജസിൻ റഹ്‌മാൻ, അധ്യാപിക ഡോ. മുംതാസ് യഹിയ എന്നിവർ പ്രചാരണ പരിപാടിയുടെ ലക്ഷ്യങ്ങളെക്കുറിച്ച് സംസാരിച്ചു.

Post a Comment

0Comments
Post a Comment (0)